അധീർ രഞ്ജൻ ചൗധരി | photo: PTI
ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളിലുണ്ടായ ആക്രമണത്തെ അപലപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരി. പശ്ചിമ ബംഗാളിലെ ക്രമസമാധാനില തകർത്തതിന്റെ തെളിവാണിതെന്നും ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇതുതന്നെയാണ് നടക്കുന്നതെന്നും ചൗധരി കുറ്റപ്പെടുത്തി.
'പശ്ചിമ ബംഗാളിലെ ക്രമസമാധാനനില തകർന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു. അക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. എന്നാൽ ഉത്തർപ്രദേശിൽ ഉൾപ്പെടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നടക്കുന്നതും ഇതുതന്നെയാണ്' - ചൗധരി എ.എൻ.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
ക്രമസമാധാനനില തകർന്ന സാഹചര്യത്തിൽ ബംഗാളിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും ചൗധരി വ്യക്തമാക്കി.
രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ വ്യാഴാഴ്ചയാണ് അക്രമണമുണ്ടായത്. ഡയമണ്ട്ഹാർബറിലേക്കുള്ള യാത്രയ്ക്കിടെ റോഡിന്റെ ഇരുവശവും തടിച്ചുകൂടിയ ആളുകളിൽ ചിലർ നഡ്ഡ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയായിരുന്നു.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ, മുകുൾ റോയ് എന്നിവർക്ക് അക്രമണത്തിൽ പരിക്കേറ്റിരുന്നു. അക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം തൃണമൂൽ കോൺഗ്രസ് ആരോപണം നിഷേധിച്ചിരുന്നു.
അക്രമണത്തിന് പിന്നാലെ ബംഗാൾ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡിസംബർ 14ന് ഡൽഹിയിലെത്താൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇരുവരും കേന്ദ്രസർക്കാരിന് മുന്നിൽ ഹാജരാകില്ലെന്ന് മമത സർക്കാർ അറിയിച്ചു. ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയ കേന്ദ്ര നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.
content highlights:Condemn it, but its been going on in Uttar Pradesh - Adhir Ranjan Chowdhury
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..