സുപ്രീം കോടതി | ഫൊട്ടോ : റോയിട്ടേഴ്സ്
ന്യൂഡല്‍ഹി: ഓര്‍ത്തോഡോക്സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിനോട്ടീസ് അയച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ളവർക്കാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934-ലെ സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. പള്ളികള്‍ക്ക് കുടിശിക നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സഭ ഭരണഘടനയിലെ 10, 11 വകുപ്പുകള്‍ മനുഷ്യന്റെ അന്തസ്സും മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
കുമ്പസാര രഹസ്യം മറയാക്കി വൈദികര്‍ സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. പീഡനത്തെ തുടര്‍ന്നുള്ള മരണങ്ങളും വര്‍ദ്ധിക്കുന്നു. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങള്‍ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
സഭയിലുള്ളവരെല്ലാം സ്ഥിരമായി പാപം ചെയ്യുന്നവരാണെന്ന മുന്‍വിധിയോടെയാണ് കുമ്പസാരം നിര്‍ബന്ധമാക്കിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ കുമ്പസരിച്ചിരിക്കണമെന്ന് വ്യവസ്ഥയില്ല. വൈദികന് മുന്നില്‍ പാപങ്ങള്‍ ഏറ്റു പറയാന്‍ നിര്‍ബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുറമേ, ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ഉള്‍പ്പടെയുള്ളവരെയും ഹര്‍ജിയില്‍ എതിര്‍കക്ഷി ആക്കിയിട്ടുണ്ട്. ഓര്‍ത്തോഡോക്സ് സഭാ അംഗങ്ങളായ മാത്യു ടി. മാത്തച്ചന്, സി.വി. ജോസ് എന്നിവരാണ് റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. സീനിയര്‍ അഭിഭാഷകന് സഞ്ജയ് പരേഖ്, അഭിഭാഷകന് സനന്ദ് രാമകൃഷ്ണന് എന്നിവര്‍ ആണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
content highlights: Supreme court notice on Orthodox Church
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..