ചിരാഗ് പാസ്വാൻ, പ്രിൻസ് രാജ് | Photo:PTI
ന്യൂഡല്‍ഹി: എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്റെ കസിനും സമസ്തിപുരില്‍ നിന്നുളള എംപിയുമായ പ്രിന്‍സ് രാജിനെതിരേ ലൈംഗീക പീഡന പരാതി. ചൊവ്വാഴ്ച രാത്രിയിലാണ് പ്രിന്‍സ് രാജിനെതിരേ യുവതി ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. എല്‍ജെയില്‍ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യുവതിയുടെ പരാതി ഉയര്‍ന്നുവന്നിരിക്കുന്നത്.
വ്യാജ ബലാത്സഗംക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നോട് ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്ന് കാണിച്ച് പ്രിന്‍സ് രാജ് നാലുമാസങ്ങള്‍ക്ക് മുമ്പ് ഒരുസ്ത്രീയുള്‍പ്പടെ രണ്ടുപേര്‍ക്കെതിരേ പോലീസില്‍ എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്തിരുന്നു. അതിന് പിറകേയാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
യുവതി മൂന്നുപേജോളം വരുന്ന യുവതിയുടെ പരാതിയില്‍ പോലീസ് കേസ് ഇതുവരെ ഫയല്‍ ചെയ്തിട്ടില്ലെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച വാര്‍ത്താഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. എംപിക്കെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ചുവരികയാണെന്നും അന്വേഷണത്തിന് ശേഷം കേസ് ഫയല്‍ ചെയ്യുമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
മാര്‍ച്ച് 29ന് അമ്മാവന് എഴുതിയ കത്തില്‍ പ്രിന്‍സിനെതിരേ ഒരു വനിതാ പ്രവര്‍ത്തക ലൈംഗീകാരോപണം ഉന്നയിച്ചത് ചിരാഗ് പരാമര്‍ശിച്ചിരുന്നു. പ്രിന്‍സിനെ സ്ത്രീ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ പരസ് ശ്രദ്ധപതിപ്പിച്ചില്ലെങ്കിലും പോലീസില്‍ പരാതിപ്പെടാന്‍ പ്രിന്‍സിനോട് ചിരാഗ് ആവശ്യപ്പെട്ടിരുന്നു.
'ഇക്കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പ്രിന്‍സിനോട് പോലീസില്‍ പരാതിപ്പെടാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഇക്കാര്യം എന്റെ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയായ പശുപതി കുമാര്‍ പരസുമായി ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ അദ്ദേഹം ഇക്കാര്യം ഗൗരവത്തില്‍ എടുത്തില്ല.' ചിരാഗ് പറയുന്നു.
ചിരാഗിനെതിരേ കലാപം നയിച്ച അഞ്ച് എല്‍ജെപി എംപിമാരില്‍ ഒരാളാണ് പ്രിന്‍സ്. തങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തങ്ങള്‍ പാരസിനെ തിരഞ്ഞെടുത്തതായി ഇ വര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അഞ്ച് എല്‍ജെപി അംഗങ്ങളെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ചിരാഗ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
രാം വിലാസ് പാസ്വാന്റെ സഹോദരന്‍ രാം ചന്ദ്ര പാസ്വാന്റെ മകനാണ് പ്രിന്‍സ് രാജ്.
Content Highlights: Complaint of sexual abuse against prince raj
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..