ന്യൂഡല്‍ഹി: മാര്‍ച്ച് 19-ന് കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യ-പാക് ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ ദേശീയഗാനം ആലപിച്ച ബോളിവുഡ് താരം അമിതാബ് ബച്ചനെതിരെ പരാതി. ദേശീയഗാനം ആലപിക്കാന്‍ കൂടുതല്‍ സമയം എടുത്തുവെന്നും ദേശീയഗാനത്തില്‍ വാക്കുകള്‍ തെറ്റായി ഉച്ചരിച്ചെന്നും ചൂണ്ടിക്കാട്ടി ചലച്ചിത്രപ്രവര്‍ത്തകന്‍ ഉല്ലാസാണ് ബച്ചനെതിരെ ഡല്‍ഹി അശോക് നഗര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

ഔദ്യോഗിക നിര്‍ണയങ്ങള്‍ പ്രകാരം ദേശീയഗാനം ആലപിക്കേണ്ടത് 52 സെക്കന്റുകളിലാണ്. എന്നാല്‍ ബച്ചന്‍  ഒരു മിനിട്ട് പത്ത് സെക്കന്റ് സമയമെടുത്താണ് ദേശീയഗാനം ആലപിച്ചതെന്ന് പരാതിയില്‍ പറയുന്നു. ദേശീയഗാനം ആലപിക്കുമ്പോള്‍ ഒന്നോ രണ്ടോ സെക്കന്റുകള്‍ കൂടുതലോ കുറവോ ആവുക സാധാരണയാണ്. എന്നാല്‍ ബച്ചന്‍ സമയക്രമത്തില്‍ ഗുരുതരമായ പാളിച്ചയാണ് വരുത്തിയത്. ഉല്ലാസ് പറയുന്നു. 'സിന്ധ്'എന്നതിന് പകരം സിന്ധു എന്നാണ് ബച്ചന്‍ ആലാപനത്തിനിടെ ഉച്ചരിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്‌. 

ആമിര്‍ ഖാന്റെ അസഹിഷ്ണുതാ പരിമാര്‍ശത്തിനെതിരേയും ഉല്ലാസ് മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.