ന്യൂഡല്‍ഹി: സൈന്യത്തിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച്  ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പാര്‍ട്ടി നേതാവായ ഷെഹല റാഷിദിനെതിരെ പരാതി. സുപ്രീംകോടതി അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് ഷെഹല റാഷിദിനെതിരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. 

കശ്മീരിലെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് ഷെഹല റാഷിദ് കഴിഞ്ഞദിവസം ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായ ട്വീറ്റുകളിലൂടെയായിരുന്നു അവര്‍ ഓരോ സാഹചര്യവും വിശദീകരിച്ചിരുന്നത്. സൈനികര്‍ രാത്രിയില്‍ വീടുകളില്‍ അതിക്രമിച്ചുകയറി ആളുകളെ പിടികൂടുകയാണെന്നും വീടും വീട്ടിലെ ഭക്ഷ്യവസ്തുക്കളും നശിപ്പിക്കുകയാണെന്നും ഷെഹല ആരോപിച്ചിരുന്നു. ഷോപ്പിയാനില്‍ നാലുപേരെ സൈനിക ക്യാമ്പിലെത്തി ക്രൂരമായി മര്‍ദിച്ചെന്നും ഇത് മൈക്കിലൂടെ കേള്‍പ്പിച്ച് പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ട്വീറ്റിലുണ്ടായിരുന്നു. 

എന്നാല്‍ ഷെഹല റാഷിദിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും അവര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഷെഹല ഉന്നയിക്കുന്നതെന്നും ഇത്തരം സ്ഥിരീകരണമില്ലാത്ത വ്യാജ വാര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. 

ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡന്റായിരുന്ന ഷെഹല റാഷിദ് 2016-ലെ ജെ.എന്‍.യു. സമരത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ ഷെഹല റാഷിദുമുണ്ടായിരുന്നു. ഐസ പ്രതിനിധിയായി ജെ.എന്‍.യുവില്‍ മത്സരിച്ചുവിജയിച്ച ഷെഹല പിന്നീട് ഷാ ഫൈസല്‍ രൂപീകരിച്ച ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 

Content Highlights: complaint against shehla rashid seeking her arrest allegedly spreading fake news against Indian Army