ബെംഗളൂരു: 'ഞാനും അര്‍ബൻ നക്‌സലാണ്' എന്ന പ്ലക്കാര്‍ഡ് കഴുത്തിലണിഞ്ഞ് പൊതുപരിപാടിയില്‍ പങ്കെടുത്തതിന് പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ ഗിരീഷ് കര്‍ണാടിനെതിരെ പോലീസില്‍ പരാതി. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാര്‍ഷിക പരിപാടിയില്‍ ഗിരീഷ് പ്ലക്കാര്‍ഡ് അണിഞ്ഞ് പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു.

ബംഗളൂരുവിലെ ഹൈക്കോടതി അഭിഭാഷകനായ എന്‍.പി അമൃതേഷാണ് നക്‌സലിസവുമായി ഗിരീഷ് കര്‍ണാടിനുള്ള ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരിക്കുന്നത്. ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ടും കര്‍ണാടിനെ ചോദ്യം ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. 

സ്വന്തം  കഴുത്തിൽ അത്തരമൊരു ബോര്‍ഡ് തൂക്കുക വഴി നക്‌സലുകളുടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണ് ഗിരീഷ് ചെയ്യുന്നതെന്ന് ഗൗരി ലങ്കേഷ് കൊലപാതകകേസിലെ പ്രതിഭാഗം അഭിഭാഷകന്‍ കൂടിയായ എന്‍.പി അമൃതേഷ് വ്യക്തമാക്കി.

കര്‍ണാടിന്റെ കൂട്ടാളികളും സഹായികളുമായി പ്രവര്‍ത്തിക്കുന്ന പ്രകാശ് രാജ്, സ്വാമി അഗ്നിവേശ്, ജിഗ്നേഷ് മേവാനി, കനയ്യ കുമാര്‍ എന്നിവർക്കും ഭീമ കൊറേഗാവ് സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും  അമൃതേഷ് ആവശ്യപ്പെട്ടു. 

അര്‍ബന്‍ നക്‌സലുകള്‍ എന്ന മുദ്രകുത്തി രാജ്യത്തെ പ്രമുഖ എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് തടങ്കില്‍ പാര്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഗിരീഷ് കര്‍ണാട് താനും അര്‍ബൻ നക്‌സലാണ് എന്ന പ്ലക്കാഡ് ധരിച്ച് പൊതു വേദിയിലെത്തിയത്. കര്‍ണാടിന്റെ ഈ ഫോട്ടോ സഹിതമായിരുന്നു അഭിഭാഷകന്‍ പരാതി നല്‍കിയത്.

content highlights: Complaint Against Girish Karnad for Wearing Urban Naxal Placard