ജോഷിമഠിലെ മലരി ഇൻ ഹോട്ടലിന് മുന്നിൽ പ്രതിഷേധമിരിക്കുന്ന ഹോട്ടൽ ഉടമ : Photo: ANI
ദെഹ്റാദൂണ്‍: ജോഷിമഠില്‍ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് വിപണി മൂല്യം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് വ്യക്തമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. നിലവില്‍ ജോഷിമഠിലെ മലരി ഇന്‍, മൗണ്ട് വ്യൂ ഹോട്ടല്‍ എന്നിവ പൊളിച്ചുനീക്കാനാണ് തീരുമാനം. വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടേയും അവസ്ഥ പഠിക്കുന്നതിനായുള്ള സര്‍വേ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബര്‍ മുതലാണ് സമുദ്രനിരപ്പില്‍ നിന്ന് 6107 അടി ഉയരത്തിലുള്ള ജോഷിമഠ് നഗരത്തിലെ കെട്ടിടങ്ങളില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയത്. പിന്നീട് ദിവസങ്ങള്‍ കഴിയും തോറും പ്രശ്നം രൂപക്ഷായി വന്നു. കൂടുതല്‍ കെട്ടിടങ്ങളില്‍ വിള്ളലുണ്ടാവുകയും ഭൂമി ഇടിഞ്ഞ് താഴുകയും ചെയ്തതോടെ പ്രശ്നം ഗുരുതരമാവുകയായിരുന്നു. നഗരത്തിലെ 600 ല്‍ ഏറെ കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.
അതേസമയം ഹോട്ടലുകള്‍ പൊളിച്ചുനീക്കാനുള്ള ശ്രമം ചൊവ്വാഴ്ച ഹോട്ടലുടമകള്‍ തടസപ്പെടുത്തിയിരുന്നു. പൊളിക്കുന്ന കാര്യം അധികാരികള്‍ തങ്ങളെ അറിയിച്ചില്ലെന്ന് കാണിച്ചാണ് കെട്ടിടം ഉടമകള്‍ രംഗത്തുവന്നത്.
ജോഷിമഠിലെ കെട്ടിടം ഉടമകളുമായും നാട്ടുകാരുമായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുടെ സെക്രട്ടറി ആര്. മീനാക്ഷി സുന്ദരം കൂടിക്കാഴ്ചനടത്തിയിരുന്നു. ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 1.5 ലക്ഷം രൂപ നല്‍കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Joshimath disaster, Uttarakhand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..