ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തിനിടെ ചായ സത്കാരത്തിന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ക്ഷണിച്ചുവെങ്കിലും നിരസിച്ച് കര്‍ഷക നേതാക്കള്‍. മന്ത്രിയുടെ ക്ഷണം നിരസിച്ചുവെന്നും പകരം അദ്ദേഹത്തെ തങ്ങളുടെ പ്രതിഷേധ ഭൂമിയിലെ സാമൂഹിക അടുക്കളയിലേക്ക് ക്ഷണിച്ചുവെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
ചായ സത്കാരം വേണ്ട. അത് സ്വീകരിച്ചാല്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം പലഹാരം കഴിച്ച് ആസ്വദിക്കുകയാണെന്ന് നിങ്ങളുടെ മാധ്യമങ്ങള്‍ എഴുതുമെന്ന് തോമര്‍ സാഹബിനോട് കോപത്തോടെ പറഞ്ഞുവെന്ന് പഞ്ചാബ് കിസാന്‍ യൂണിയന്‍ നേതാവ് രുണ്ഡു സിങ് വ്യക്തമാക്കി. മന്ത്രിയെ തങ്ങളുടെ പ്രതിഷേധ സ്ഥലത്തെ ലാങ്കറിലേക്ക് ജിലേബി കഴിക്കാന്‍ ക്ഷണിച്ചുവെന്നും ഒരുദേശീയ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.
നവംബര്‍ 13ന് നടന്ന യോഗത്തില്‍ ഞങ്ങളുടെ ആവശ്യങ്ങളെല്ലാം കേന്ദ്രത്തോട് പറഞ്ഞതാണ്. പ്രശ്‌നം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ഒരു നിര്‍ദേശം കൊണ്ടുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ അതൊന്നു നടന്നില്ല. അതുകൊണ്ടാണ് ക്ഷോഭത്തോടെ മന്ത്രിയുടെ ചായ സത്കാരം നിരസിച്ചതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ചന്ദ സിങ് പറഞ്ഞു. കൃഷിമന്ത്രി തങ്ങളെ അനുനയിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. തങ്ങള്‍ അസ്വസ്ഥരായിരുന്നുവെന്നും ചന്ദ സിങ് പറഞ്ഞു.
മന്ത്രി വാഗ്ദാനം ചെയ്ത ചായ പോലും തങ്ങളുടെ ഡയറി ഫാമുകളിലെ പാലില്‍ നിന്നാണ് വരുന്നത്. ജിലേബി, ലഡ്ഡു, ചായ എന്നിവയെല്ലാം ഞങ്ങള്‍ മന്ത്രിക്ക് നല്‍കാം. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറും വരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടനാ നേതാവ് പ്രേം സിങ് വ്യക്തമാക്കി. പഴയ ഉറപ്പുകളാണ് കേന്ദ്രം ഇന്നത്തെ ചര്‍ച്ചയിലും നല്‍കിയതെന്ന് രൂപ് സിങ് പറഞ്ഞു.
കര്‍ഷക പ്രതിഷേധം ആറാം ദിവസവും ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനാ നേതാക്കളെ വിജ്ഞാന്‍ ഭവനിലേക്ക് ക്ഷണിച്ചത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാഞ്ഞതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തളളി. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി കേന്ദ്രം വീണ്ടും ചര്‍ച്ച നടത്തും.
Content highlights:'Come to Our Langar for Jalebi Instead': Farmer Leaders Turn Down Tomar's Tea Offer at Meeting