ന്യൂഡൽഹി: അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സി. പി., പോള്‍ കെ. കെ. എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. മാര്‍ച്ച് രണ്ടിന് ഡല്‍ഹിയില്‍ ചേര്‍ന്ന കൊളീജിയം യോഗത്തിന്റേതാണ് തീരുമാനം.

2019 മാര്‍ച്ചില്‍ ചേര്‍ന്ന കൊളീജിയം മുഹമ്മദ് നിയാസ്, കെ.കെ.പോള്‍ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര നിയമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. 2019 മെയ് മാസം ചേര്‍ന്ന കൊളീജിയമാണ് വിജു എബ്രഹാമിനെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഈ മൂന്ന് ശുപാര്‍ശകളും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം മടക്കിയിരുന്നു.

കേന്ദ്ര നിയമ മന്ത്രാലയം കൈമാറിയ വിശദമായ കുറിപ്പ് ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ശുപാര്‍ശ വീണ്ടും നല്‍കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചത്. കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമന ഉത്തരവ് ഇറക്കേണ്ടി വരുമെന്നാണ് സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ആലപ്പുഴ ജില്ല സെഷന്‍സ് ജഡ്ജി എ. ബദറുദീനെ കേരള ഹൈക്കോടതി ജഡ്ജി ആയി ഉയര്‍ത്താനും സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു

 

content highlights: collegium recommends three judges including Viju Ebraham to be appointed in highcourt