കൊടും ശൈത്യം അനുഭവപ്പെടുന്ന മദ്യപ്രദേശിൽ നിന്നുള്ള കാഴ്ച | Photo: ANI
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അടുത്ത 48 മണിക്കൂര്‍ നേരം കൊടും ശൈത്യം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇതേത്തുടര്‍ന്ന് ഡല്‍ഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെടുന്ന ശീതതരംഗം കാരണം കഴിഞ്ഞ മൂന്നുദിവസത്തിനിടെ 25-ല്‍ അധികംപേർ മരിച്ചിരുന്നു. നിരവധി വിമാനസര്‍വീസുകളും ട്രെയിന്‍ ഗതാഗതവും വൈകുകയും ചെയ്തിരുന്നു.
ശീതതരംഗത്തിന്റെ ഭാഗമായുള്ള കാലാവസ്ഥ അടുത്ത രണ്ട് ദിവസം കൂടി തുടരുമെന്നാണ് അറിയിപ്പ്. അതിന് ശേഷം വടക്കുകിഴക്കന്‍ മേഖലയിലെ രൂക്ഷമായ തണുപ്പിന് കുറവുവരുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍, ജനുവരി പത്തോടെ വീണ്ടും കാലാവസ്ഥ കടുത്തേക്കും.
ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ശീതതരംഗത്തിന്റെ ഭാഗമായുള്ള കാലാവസ്ഥ അനുഭവപ്പെടും. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചാണ്ഡിഗഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാനിലും ബിഹാറിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഡല്‍ഹിയില്‍ കുറഞ്ഞ താപനില 2.2 ഡിഗ്രിയിലെത്തി. ഡല്‍ഹിയിലെ മറ്റ് ചില ഭാഗങ്ങളില്‍ ശനിയാഴ്ച താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു. ഹരിയാനയിലെ ഹിസാറില്‍ കുറഞ്ഞ താപനില 1.4 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി. രാജസ്ഥാനില്‍ വെള്ളിയാഴ്ച രാത്രി 0.0 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുണ്ട്.
ശീതതരംഗം 480 ട്രെയിന്‍ സർവീസുകളെ പ്രതികൂലമായി ബാധിച്ചു. ഏകദേശം 335 ട്രെയിനുകള്‍ വൈകുകയും 88 എണ്ണം പിന്‍വലിക്കുകയും 31 എണ്ണം വഴിതിരിച്ചുവിടുകയും 33 എണ്ണം യാത്രവെട്ടിച്ചുരുക്കുകയും ചെയ്തുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 25 വിമാനങ്ങള്‍ വൈകിയാണ് സർവീസ് നടത്തിയത്.
Content Highlights: north indian cold wave, weather in delhi, climate in north india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..