ബാരമുള്ള ജില്ലയിലെ താങ്മാർഗിൽ മഞ്ഞ് മൂടിയ മേഖലയിലൂടെ നടക്കുന്ന കുട്ടികൾ| Photo: ANI
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍മഞ്ഞും തുടരുന്നു. ഉത്തര്‍ പ്രദേശിലെ കാണ്‍പുരില്‍ ശീതതരംഗം കാരണം കഴിഞ്ഞ മൂന്നുദിവസത്തിനിടെ 25 പേര് മരിച്ചു. വിമാനസര്‍വീസുകളും ട്രെയിന്‍ ഗതാഗതവും വൈകുകയാണ്.
ജമ്മു കശ്മീരിലാണ് തണുപ്പ് ഏറ്റവും രൂക്ഷം. ലേയില്‍ താപനില തുടര്‍ച്ചയായി -15 ഡിഗ്രിയ്ക്കും താഴെയാണ് രേഖപ്പെടുത്തുന്നത്. ഡല്‍ഹിയിലെ സഫ്ദര്‍ജങ്ങില്‍ 1.9 ഡിഗ്രിയാണ് ഞായറാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില.

പെട്ടെന്ന് താപനില താഴ്ന്നതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ കാണ്‍പുരില്‍ കഴിഞ്ഞ ദിവസം 25 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രക്തസമ്മര്‍ദം പെട്ടെന്ന് കൂടിയതും രക്തം പെട്ടെന്ന് കട്ടപിടിച്ചതും ഹൃദയാഘാതത്തിലേക്ക് നയിച്ചതാണ് 25 പേരുടെയും മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

17 പേര് ആശുപത്രിയിലെത്തിക്കും മുന്‍പേ മരിച്ചതായും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് 723 പേര് കഴിഞ്ഞ ദിവസങ്ങളില്‍ അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സ തേടിയിട്ടുമുണ്ട്.
.jpg?$p=18e6377&&q=0.8)
മൂടല്‍മഞ്ഞ് ഗതാഗതസംവിധാനങ്ങളെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചവരെ മാത്രം ഡല്‍ഹി വിമാനത്തില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന 20 വിമാനങ്ങള്‍ വൈകി. ഉത്തരേന്ത്യയിലൂടെ ഓടുന്ന 42 തീവണ്ടികളും വൈകി ഓടുന്നു.
അതിശൈത്യം ജനജീവിതം ദുസ്സഹമാക്കുകയാണ്. കനത്ത മൂടല്‍മഞ്ഞ് രണ്ടുദിവസം കൂടി തുടരുമെന്നാണ് വിവരം. അതിശൈത്യവും തുടരുമെന്നാണ് മുന്നറിയിപ്പ്.
Content Highlights: cold wave and fog in northern india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..