
-
മുംബൈ: മണ്‍സൂണ്‍ അതിശക്തമായി തുടരുന്ന മുംബൈ നഗരത്തിലെ കൊളാബയില്‍ 24 മണിക്കൂറിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തി. 46 കൊല്ലത്തിനിടെയുള്ള ഏറ്റവും കൂടിയ അളവാണിത്. മുംബൈയില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ശക്തമായ മഴയും കാറ്റുമുണ്ടായേക്കുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയില്‍ അല്പം ശമനമുണ്ടായതിനാല്‍ ലോക്കല്‍, സബ്അര്‍ബന്‍ ട്രെയിനുകള്‍ നിലവില്‍ സമയക്രമം പാലിക്കുന്നുണ്ട്. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനും അത്യാവശ്യജോലികള്ക്കല്ലാതെ പുറത്തിറങ്ങരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.
മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അടുത്ത 3-4 മണിക്കൂറില്‍ 60-70, ചിലപ്പോള്‍ 80 കി/മണിക്കൂര്‍ വേഗത്തിലുള്ള കാറ്റോടു കൂടിയ മിതമോ ശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില മേഖലകളില്‍ ശക്തമായ ഇടിയും മിന്നലും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാനിരീക്ഷണ വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.
സാധാരണ ഓഗസ്റ്റ് മാസത്തില്‍ ലഭിക്കുന്ന മഴയുടെ 64 ശതമാനത്തോളം ഈ മാസം ആദ്യ അഞ്ച് ദിവസങ്ങളിലായി മുംബൈയ്ക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് മേധാവി കെഎസ് ഹൊസാലികര് സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 107 കി/മണിക്കൂര്‍ വരെ വേഗതയുള്ള കാറ്റും ശക്തമായ മഴയുമാണ് മുംബൈയില്‍ ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ട്രെയിന്‍, ബസ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കനത്ത മഴ മൂലം മുംബൈ നഗരം നേരിടുന്ന ദുരിതസാഹചര്യം തരണം ചെയ്യാനുള്ള എല്ലാ സഹായ വാഗ്ദാനവും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ദവ് താക്കറെയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. മുംബൈ കൂടാതെ കൊങ്കണ്‍, ഗോവ മേഖലകളിലും അതിശക്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പ് പ്രവചിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..