ന്യൂഡല്‍ഹി: 2022-ല്‍ നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേണല്‍ അജയ് കോതിയാല്‍ എ.എ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും. പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യമറിയിച്ചത്.

മുന്‍ കരസേനാംഗവും ഉത്തരകാശിയിലെ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിന്റെ(എന്‍.ഐ.എം.) മുന്‍ പ്രിന്‍സിപ്പലുമായ കേണല്‍ കോതിയാല്‍ ഈ വര്‍ഷം ഏപ്രിലിലാണ് എ.എ.പി.യില്‍ ചേര്‍ന്നത്. 2013-ലെ വെള്ളപ്പൊക്കത്തിനുശേഷം കേദാര്‍നാഥിന്റെ പുനഃരുദ്ധാരണത്തിന് ചുക്കാന്‍ പിടിച്ചത് കേണല്‍ കോതിയാലാണ്. ഉപതിരഞ്ഞെടുപ്പില്‍ ഗംഗോത്രി നിയമസഭാ മണ്ഡലത്തില്‍നിന്നു കോതിയാലിനെ മത്സരിപ്പിക്കാനാണ് എ.എ.പി. തീരുമാനം. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി.നേതാവുമായ തിരത് സിങ് റാവത്ത് ഇവിടെനിന്നും മത്സരിക്കുമെന്നാണ് സൂചന. തിരത് മുഖ്യമന്ത്രി പദവി രാജിവെച്ചെങ്കിലും ഇതുവരെ ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. 
 
മികച്ച ഒരു സൈനികന്‍ എന്നതിലുപരി സൈന്യത്തിലേക്ക് യുവാക്കളെ ചേര്‍ക്കുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ പരിശീലനം എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. പാര്‍ട്ടിക്ക് അദ്ദേഹം വലിയ മുതല്‍ക്കൂട്ടായിരിക്കും-പേരുവെളിപ്പെടുത്താത്ത എ.എ.പി. നേതാവ് പറഞ്ഞു. 

 ഉത്തരാഖണ്ഡിലെ ജനങ്ങളില്‍നിന്നും ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് അജയ് കോതിയാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചതെന്ന് കെജ്രിവാള്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ജനങ്ങള്‍ അവിടുത്തെ മറ്റു രാഷ്ട്രീയ നേതാക്കളാല്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു. 
 
'സംസ്ഥാനത്തെ കൊള്ളയടിച്ച രാഷ്ട്രീയ നേതാക്കളില്‍നിന്നും ഉത്തരാഖണ്ഡിലെ ജനങ്ങള്‍ വിടുതല്‍ ആഗ്രഹിക്കുന്നു. ജനങ്ങളെ സേവിക്കുന്ന, എന്നാല്‍ ഭരണകാലയളവില്‍ തന്റെ ഭണ്ഡാരപ്പെട്ടി നിറയ്ക്കാത്ത ഒരു സൈനികനെ തങ്ങളുടെ മുഖ്യമന്ത്രിയായി ലഭിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു'-അദ്ദേഹം വ്യക്തമാക്കി.
 
2013-ല്‍ ഒരു പരിശീലകന്റെ സഹായത്തോടെ കോതിയാല്‍ 30 യുവാക്കള്‍ക്കു സൈനിക പരീശീലനം നല്‍കിയിരുന്നു. അവരില്‍ 28 പേര്‍ക്ക് ഗര്‍വാള്‍ റൈഫിള്‍സില്‍ സെലക്ഷന്‍ കിട്ടിയിരുന്നു. തുടര്‍ന്ന് നിരവധി യുവാക്കള്‍ കോതിയാലിനെ സമീപിക്കുകയും 2015-ല്‍ യൂത്ത് ഫൗണ്ടേഷന്‍ എന്ന പേരില്‍ ട്രസ്റ്റിനു രൂപം നല്‍കുകയും ചെയ്തിരുന്നു. ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിലായി ഈ ട്രസ്റ്റിനു കീഴില്‍ ആറു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Content Highlights: col ajay kothiyal known for reconstructing kedarnath training youth for forces is aaps uttarakhand