ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എഞ്ചിനീയറിങ്ങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ പല്ലിയും പാറ്റയും പാമ്പും കുഞ്ഞും അരണയും. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികളില്‍ മിക്കവരുടെയും ആരോഗ്യ സ്ഥിതി മോശമാണ്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ സൂറം പാളയത്തിലുള്ള ആദിത്യ എഞ്ചിനീയറിങ്ങ് കോളേജിലാണ് സംഭവം. വൃത്തിഹീനമായ ഭക്ഷണം തുടര്‍ക്കഥയായതോടെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം കോളേജില്‍ സമരം ചെയ്തിരുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലിന് പുറത്ത് പ്രതിഷേധിച്ചത്.

food
വിദ്യാര്‍ത്ഥികള്‍  കോളേജില്‍ പ്രതിഷേധിക്കുന്നു 

മുന്നൂറോളം മലയാളി വിദ്യാര്‍ത്ഥികളാണ് ഈ കോളേജില്‍ പഠിക്കുന്നത്. കൂടാതെ കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും കോളേജിലുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ പറ്റി നിരവധി തവണ മാനേജ്‌മെന്റിനോട് പരാതിപ്പെട്ടെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഇതുവരെയും ഉണ്ടായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ മാതൃഭൂമി ഡോട്ട് കോമിനോട് വെളിപ്പെടുത്തി. മഞ്ഞപ്പിത്തവും ടൈഫോയിഡും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിത്യ സംഭവമാണ്.  ഫോറന്‍സിക് കോളേജിലെയും സ്ഥിതി വിഭിന്നമല്ല. ഇവിടെയും ഭൂരിഭാഗവും മലയാളി വിദ്യാര്‍ത്ഥികളാണ്.

ആദിത്യ എഞ്ചിനീയറിങ്ങ് കോളേജിലെ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ടൈഫോയിഡും മഞ്ഞപ്പിത്തവും ബാധിച്ചതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതുമൂലം ഛര്‍ദിച്ച്‌ നിരവധി വിദ്യാര്‍ത്ഥികള്‍ അവശ നിലയിലാണെന്നും ചില വിദ്യാര്‍ത്ഥികള്‍ അബോധാവസ്ഥയിലായെന്നും കോളേജിലെ ഒരു വിദ്യാര്‍ത്ഥി മാതൃഭൂമി ഡോട്ട്‌ കോമിനോട് പറഞ്ഞു. 

ഇനി സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ പ്രശ്‌നപരിഹാരമുണ്ടാകുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വിഷയത്തില്‍ കോളേജ് അധിതകൃതരുടെ പ്രതികരണം തേടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായിട്ടില്ല.  കോളേജില്‍ സമരം ഇപ്പോഴും തുടരുകയാണ്‌.

Content Highlight: cockroach, rat worms,beetles,reptiles found from food in adithya engineering college hyderabad