പ്രതീകാത്മക ചിത്രം | Photo: PTI
ന്യൂഡല്‍ഹി: ഡല്‍ഹി, കൊച്ചി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ദീപാവലിയോട് അടുപ്പിച്ച് ആക്രമണം നടത്താനായിരുന്നു ഇന്നു പിടിയിലായ അല്‍ഖ്വയിദ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് റിപ്പോർട്ട്. കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ ശാലയും ഭീകരര്‍ ലക്ഷ്യം വച്ചിരുന്നതായാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പാകിസ്താനില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചാല്‍ നാല് നഗരങ്ങളിലും ഒരേ സമയം ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. പ്രധാനപ്പെട്ട നഗരങ്ങളില്‍ ഭീകരാക്രമണം നടത്തി സാധാരണക്കാരായ ആളുകളെ കൊല്ലാനായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത്. ഡല്‍ഹിയിലും മുംബൈയിലും തിരക്കേറിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെങ്കില്‍ കേരളത്തിലും കര്‍ണാടകത്തിലും സൈനിക കേന്ദ്രങ്ങളായിരുന്നു ഇവരുടെ ലക്ഷ്യം.
പാകിസ്താന്‍ അല്‍ഖ്വയ്ദയുമായി സമൂഹ മാധ്യമങ്ങളിലൂടെ അടുത്ത ബന്ധം ഭീകരര്‍ പുലര്‍ത്തിയിരുന്നു. സ്‌ഫോടനം എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ചും ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭീകരവാദ ആക്രമണങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ ധനസമാഹരണം നടത്താനായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്ന നിര്‍ദേശം.
അതേസമയം സ്‌ഫോടക വസ്തുക്കള്‍ ഡല്‍ഹിയിലോ, കശ്മീരിലോ കൈമാറുമെന്നും ഇവരെ അറിയിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കാന്‍ ഇപ്പോള്‍ അറസ്റ്റില്‍ ആയവരില്‍ രണ്ടോ, മൂന്നോ പേർ ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് എന്‍.ഐ.എയുടെ നിര്‍ണ്ണായക നീക്കത്തില്‍ ഒമ്പത് പേരും പിടിയിലായത്.
എറണാകുളത്ത് നിന്ന് മൂന്ന് പേരെയും പഞ്ചിമ ബംഗാളില്‍നിന്ന് ആറു പേരെയുമാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. പിടിയിലായ ഒമ്പത് പേരും ബംഗാള്‍ സ്വദേശികളാണ്. വിവിധ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, നാടന്‍ തോക്കുകള്‍ എന്നിവയും ഭീകരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പശ്ചിമ ബംഗാളില്‍നിന്ന് അറസ്റ്റിലായ അബു സുഫിയാന്‍ എന്നയാളും കേരളത്തില്‍നിന്ന് പിടിയിലായ മുര്‍ഷിദ് ഹുസൈനുമാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതെന്നാണ് വിവരം.
content highlights: cochin naval headquarters and major cities under al qaeda attack list
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..