മുംബൈ: 600 കോടിരൂപ വിലവരുന്ന മയക്കുമരുന്നുമായി എത്തിയ പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 200 കിലോ ഹെറോയിനുമായി എത്തിയ അല്‍ മദീന എന്ന ബോട്ടാണ് പിടികൂടിയതെന്നും അതില്‍ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കോസ്റ്റ്ഗാര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഗുജറാത്ത് തീരത്തുനിന്നാണ് ബോട്ട് പിടികൂടിയത്.

പാക് ബോട്ടില്‍നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ കാത്തുനിന്ന ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 13 പേരും അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്ന് ശേഖരവുമായി പാക് മത്സ്യബന്ധന ബോട്ട് എത്തുന്നുവെന്ന രഹസ്യ വിവരം ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സിനാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ അറബിക്കടലില്‍ നിലയുറപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ അധികൃതരുടെ കണ്ണില്‍പ്പെട്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പാക് മത്സ്യബന്ധന ബോട്ടിനെ കോസ്റ്റ്ഗാര്‍ഡ് പിന്തുടര്‍ന്ന് പിടികൂടി.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കോടികള്‍ വിലവരുന്ന മയക്കുമരുന്ന് പാക് ബോട്ടിലുണ്ടായിരുന്നവര്‍ കടലില്‍ എറിഞ്ഞു. എന്നാല്‍, അവയെല്ലാം വീണ്ടെടുക്കാന്‍ കോസ്റ്റ്ഗാര്‍ഡിന് കഴിഞ്ഞു. 195 പൊതികളിലായാണ് 200 കിലോഗ്രാം ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. പാക് ബോട്ടില്‍ അധികൃതര്‍ വിശദമായ പരിശോധന നടത്തി. ബോട്ടില്‍ ഉണ്ടായിരുന്നവരെ ചോദ്യംചെയ്തു വരുന്നു.

രണ്ട് മാസത്തിനിടെ കോസ്റ്റ് ഗാര്‍ഡ് നടത്തുന്ന രണ്ടാമത്തെ വന്‍ മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞ മാര്‍ച്ചില്‍ ഗുജറാത്ത് തീരത്തുനിന്ന് 300 കോടിരൂപ വിലവരുന്ന 100 കിലോ ഹെറോയിന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു.

Content Highlights: Pakistani boat, Coast Guard, heroin