പനജി: മണ്‍സൂണും ഒപ്പമെത്തിയ വായു ചുഴലിക്കാറ്റും കാരണം  രാജ്യത്തെ തീരപ്രദേശങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നതിനിടെ ഗോവയില്‍ തിരയില്‍ പെട്ട സൈനികനെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറെത്തി രക്ഷിക്കുന്നതിന്റെ വീഡിയോ സൈബർ ലോകത്ത് വൈറലാവുന്നു. 

അവധിയാഘോഷിക്കാനെത്തിയ സൈനികന്‍ കാബോ ഡാ രാമ ഫോര്‍ട്ടിന് സമീപത്തെ പാറക്കൂട്ടത്തിന് മുകളില്‍ നിന്ന് കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. വ്യാഴാഴ്ചയാണ് സംഭവം സൈനികന്റെ കൂടുതല്‍ വിവരം പുറത്തു വിട്ടിട്ടില്ല. 

തിരകളില്‍ പെട്ടതിനെ തുടര്‍ന്ന് രക്ഷാമാര്‍ഗവുമായെത്തിയ ഹെലികോപ്ടറില്‍ നിന്ന് താഴേക്കിട്ട കയറില്‍ പിടിച്ച് സൈനികന്‍ രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്. ആര്‍ത്തിരമ്പുന്ന തിരകളിലും ധൈര്യം കൈവിടാത്ത സൈനികനെ ഉയര്‍ത്തി കോസ്റ്റ് ഗാര്‍ഡ് സംഘം തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു. 

സൈനികന്‍ തിരയില്‍ പെട്ടതിനെ തുടര്‍ന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡ് അംഗങ്ങൾ അരികിലെത്താന്‍ ശ്രമം നടത്തിയെങ്കിലും കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി. തുടര്‍ന്നാണ് ഹെലികോപ്ടര്‍ മാര്‍ഗം രക്ഷാപ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചത്. ഉടനെ തന്നെ ഹെലികോപ്ടര്‍ എത്തിക്കുകയായിരുന്നു.

കോസ്റ്റ് ഗാര്‍ഡിനൊപ്പമുണ്ടായിരുന്ന മെഡിക്കല്‍ സംഘം സൈനികനെ എഎന്‍എച്ച്എസ് ജീവന്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന്  അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച മുതല്‍ ഗോവയില്‍ കാലാവസ്ഥ മോശമായി തുടരുകയാണ്. ഇതിനു ശേഷം മൂന്ന് വിനോദസഞ്ചാരികളെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയത്.

 

Content Highlights: Coast Guard Helicopter Rescues Man From Drowning Off