ന്യൂഡല്‍ഹി:  ഇന്ത്യയുടെ അധികാര പരിധിയിലുള്ള കടലില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെടുന്ന കപ്പലുകളെയോ ബോട്ടുകളെയൊ പരിശോധിക്കാനും വേണ്ടിവന്നാല്‍ പിടിച്ചെടുക്കാനുമുള്ള അധികാരം തീരസംരക്ഷണ സേനയ്ക്ക് നല്‍കി. കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതുസബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 

ഇന്ത്യയുടെ അധികാര പരിധിയില്‍ വരുന്ന സമുദ്രമേഖലകളില്‍ ഉള്ള കപ്പലുകള്‍, ബോട്ടുകള്‍, കൃത്രിമ ദ്വീപുകള്‍, അന്തര്‍വാഹിനികള്‍, കടലില്‍ ഒഴുകി നടക്കുന്നതോ അല്ലാത്തതോ ആയ വസ്തുക്കള്‍ തുടങ്ങിയവ പരിശോധിക്കാനും അവ പിടിച്ചെടുക്കാനും വേണ്ടിവന്നാല്‍ അതിലുള്ള ആളുകളെ അറസ്റ്റ് ചെയ്യാനും വിജ്ഞാപന പ്രകാരം തീരസംരക്ഷണ സേനയ്ക്ക് അധികാരമുണ്ടാകും.

1978ലെ കോസ്റ്റ്ഗാര്‍ഡ് നിയമപ്രകാരമാണ് പുതിയ വിജ്ഞാപനം പ്രതിരോധ മന്ത്രാലയം ഇറക്കിയത്. നിയമ പ്രകാര ഈ അധികാരം തീരസംരക്ഷണ സേനയ്ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. എന്നാല്‍ ഇത്രയും കാലം ഇത് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്.  

മുമ്പ് ഇത്തരമൊരു അധികാരം സേനയ്ക്ക് ഉണ്ടായിരുന്നില്ല. ഇതിന് പകരമായി കസ്റ്റംസ് ആക്ട്, നര്‍കോടിക്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് തുടങ്ങിയ നിയമങ്ങളിലെ വകുപ്പുകള്‍ പ്രകാരമാണ് തീരസംരക്ഷണ സേന പരിശോധനകള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്തരം നടപടികള്‍ക്ക് ശക്തമായ നിയമ പിന്തുണ ഇല്ലാതിരുന്നതിനാല്‍ പല കേസുകളും കോടതിയില്‍ പരാജയപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് പുതിയ വിജ്ഞാപനം ഇറങ്ങിയത്.

മുമ്പ് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെടുന്ന സമുദ്രയാനങ്ങളെ പിടിച്ചെടുക്കുയോ അവയിലെ ആളുകളെ പിടികൂടുകയോ ചെയ്യുമ്പോള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് അവ കൈമാറുകയായിരുന്നു ചെയ്തിരുന്നത്. 

2009 മുതല്‍ കൂടുതല്‍ അധികാരം വേണമെന്ന ആവശ്യം തീരസംരക്ഷണ സേന ഉന്നയിക്കുന്നതാണ്. പുതിയ വിജ്ഞാപന പ്രകാരം ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് എകണോമിക് സോണില്‍ വരെയുള്ള സമുദ്രമേഖലയില്‍ കൂടുതല്‍ ശക്തമായി ഇടപെടാന്‍ തീരസംരക്ഷണ സേനയ്ക്ക് സാധിക്കും.

Content Highlights: The Indian Coast Guard has been given powers under the Coast Guard Act to board, search any vessel and arrest people for offences within the maritime zone of the country