കൊല്‍ക്കത്ത: കല്‍ക്കരി അഴിമതി കേസില്‍ സി.ബി.ഐ ബംഗാളിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നിനിടെ കേസിലെ ആരോപണവിധേയനായ ധനഞ്ജയ് റായ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
റെയ്ഡിനായി സിബിഐ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്ത അസന്‍സോളിലെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ധനഞ്ജയ് റായിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചു.
അനധികൃത കല്‍ക്കരി ഖനന കേസില്‍ നാല് സംസ്ഥാനങ്ങളിലെ 45 സ്ഥലങ്ങളില്‍ സി.ബി.ഐ ശനിയാഴ്ച രാവിലെ റെയ്ഡ് നടത്തിയിരുന്നു. ഈസ്റ്റ് കോള്‍ ലിമിറ്റഡിന്റെ ഏതാനും ഉദ്യോഗസ്ഥരുടെയും ഇതുമായി ബന്ധപ്പെട്ട മറ്റ് ചിലരുടേയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തിയതായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗാള്‍-ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ അനധികൃത കല്‍ക്കരി ഖനന കേസിലാണ് അസന്‍സോള്‍, ദുര്‍ഗാപൂര്‍, ബര്‍ദ്വാന്‍ ജില്ലയിലെ റാണിഖഞ്ച്, 24 സൗത്ത് പര്‍ഗനാസ് ജില്ലയിലെ ബിശ്നാപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്. അനൂപ് മാജിയാണ് കേസിലെ മുഖ്യപ്രതിയെന്ന് സിബിഐ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി ബന്ധം പുലര്‍ത്തിയ ഉദ്യോഗസ്ഥനാണ് ധനഞ്ജയ് റായ്.
Content Highlights: Coal mine scam accused dies of cardiac arrest amid CBI raid in West Bengal’s Asansol