ന്യൂഡല്‍ഹി: പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് 80 പി പ്രകാരമുള്ള ആദായ നികുതി ഇളവ് നിഷേധിച്ചതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. കക്ഷികള്‍ക്ക് അധികവാദങ്ങള്‍ എഴുതി നല്‍കാന്‍ തിങ്കളാഴ്ച വരെ സമയമനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസ് വിധിപറയാന്‍ മാറ്റിയത്.
സഹകരണ സംഘങ്ങള്‍ക്ക് 80 പി പ്രകാരമുള്ള നികുതിയിളവുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുന്ന കേരള ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് വിധിക്കെതിരെയാണ് മാവിലായി സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ സംഘങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കാര്‍ഷിക വായ്പാ വിതരണം കുറവാണ് എന്ന കാരണം ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് ഇത്തരം സഹകരണ സംഘങ്ങള്‍ക്ക് നികുതിയിളവ് നിഷേധിച്ചിരുന്നു. ഇതിനെതിരേ സംഘങ്ങള്‍ നല്‍കിയ ഹര്‍ജിയിൽ ഹൈക്കോടതിയില്‍ നിന്ന് ആദായ നികുതി വകുപ്പിന് അനുകൂലമായ ഉത്തരവാണുണ്ടായത്.
സംഘങ്ങള്‍ നല്‍കുന്നത് കാര്‍ഷിക വായ്പയാണോ തുടങ്ങിയ കാര്യങ്ങള്‍ ആദായ നികുതി വകുപ്പിന് പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഏത് ആവശ്യത്തിനാണ് വായ്പ കൊടുക്കുന്നത് തുടങ്ങിയ വിഷയങ്ങള്‍ ആദായ നികുതി വകുപ്പിന് പരിശോധിക്കാന്‍ അധികാരമുണ്ടോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് കോടതിയില്‍ ചോദ്യം ചെയ്തത്.
Content HIghlights: Co operative societies tax relaxation Supreme Court Verdict Postponed