ചെന്നൈ: വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ നിര്‍ദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. അസൗകര്യവും ട്രാഫിക് നിയന്ത്രണങ്ങള്‍മൂലവും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 12ല്‍ നിന്ന് ആറായി കുറയ്ക്കുന്നത്‌. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലും പിറകിലുമായി രണ്ട് പൈലറ്റ് വാഹനങ്ങള്‍, മൂന്ന് അകമ്പടി വാഹനങ്ങള്‍, ഒരു ജാമര്‍ വാഹനം എന്നിവയാണ് ഇനി മുതല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടാകുക. 

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനായി ഇനി മുതല്‍ ഗതാഗതം നിര്‍ത്തിവെക്കില്ല. വാഹനവ്യൂഹം മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. തമിഴ്‌നാട് ചീഫ് സെക്രട്ടറി വി.ഇരൈയന്‍മ്പ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. 

പൊതുജനങ്ങളുടെ വാഹനഗതാഗതത്തെ ബാധിക്കാതെ തന്നെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും ചര്‍ച്ചയായി. നേരത്തെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഗതാഗതം തടസപ്പടുത്തരുതെന്ന് സ്റ്റാലിന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാലിത് പോലീസ് കര്‍ശനമായി പാലിച്ചിരുന്നില്ല. 

നേരത്തെ, മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍.ആനന്ദ് വെങ്കടേശ് ട്രാഫിക് കുരുക്കില്‍പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തില്‍ ക്ഷമ പറഞ്ഞ ആഭ്യന്തര സെക്രട്ടറി ഇത്തരം സംഭവം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഏറെ നേരം ട്രാഫിക് കുരുക്കില്‍പ്പെട്ടുപോയ ജഡ്ജി 30 മിനിറ്റോളം താമസിച്ചാണ് കൊടതിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: CM Stalin's convoy halved in an attempt to hit traffic woes for a six