ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിയജന്‍ ചൊവ്വാഴ്ച വൈകീട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെത്തെിയ മുഖ്യമന്ത്രിക്ക് കേരളഹൗസ് ജീവനക്കാരുടെ നേത്യത്വത്തില്‍ സ്വീകരണം നല്‍കി. ഭരണത്തുടര്‍ച്ച നേടിയ ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നത്. 

ഉച്ചയ്ക്ക് പെട്രോളിയം, പ്രക്യതിവാതക, ഭവന, നഗരകാര്യമന്ത്രി ഹര്‍ദ്ദീപ് സിങ് പുരിയുമായും ചര്‍ച്ച നടത്തും.കേരളത്തിന്റെ വികസനകാര്യങ്ങള്‍ പ്രധാനചര്‍ച്ചവിഷയമാകും.ദേശീയതലത്തില്‍ സഹകരണമന്ത്രാലയം രൂപികരിച്ചതിലുള്ള ആശങ്കയും മുഖ്യമന്ത്രി പങ്കുവെക്കും. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമായി സഹകരണമന്ത്രാലയം മാറുമോ എന്നതാണ് പ്രധാന ആശങ്ക.
സംസ്ഥാന സര്‍ക്കാരും ഭരണകക്ഷിയായ സിപിഎമ്മും ഈ ആശങ്ക പരസ്യമായി പ്രകടിപ്പിച്ചിരുന്നു.അമിത് ഷായെ സഹകരണമന്ത്രിയായി നിയോഗിച്ചതിലും എതിര്‍പ്പ് പ്രകടമായിരുന്നു. 

പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഡോ.പി.കെ മിശ്രയെയും മുഖ്യമന്ത്രികാണും. പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണിത്. കെ റെയിലും ചര്‍ച്ചവിഷയമാകും. കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറെ കാണാനുള്ള ശ്രമവും ഉണ്ടായേക്കുമെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന സൂചന.