ദേവപ്രയാഗ്: ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ മേഘവിസ്‌ഫോടനം. ദെഹ്‌റാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച വൈകുന്നേരമാണ് മേഘവിസ്‌ഫോടനമുണ്ടായത്. നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടായി. ഇതുവരെ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉത്തരാഖണ്ഡ് പോലീസ് മേധാവി അശോക് കുമാറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ജലനിരപ്പ് ഉയരുകയാണെന്നാണ് വിവരം. 

വൈകുന്നേരം അഞ്ച് മണിയോടെയാണ് മേഘവിസ്‌ഫോടനമുണ്ടെയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 12 ഓളം കടകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും അടച്ചതിനാല്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Content Highlights: Cloudburst In Uttarakhand's Devprayag, Shops, Houses Damaged