ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍, ഹിമാചല്‍ പ്രദേശിലെ ലാഹോള്‍-സ്പിതി എന്നീ വ്യത്യസ്ത ഇടങ്ങളിലായുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 16 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. 

പേമാരിയില്‍ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ അര ഡസനിലധികം വീടുകളാണ് നിലംപതിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ സൈന്യത്തെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

അവശിഷ്ടങ്ങളില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 12 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. 17 പേരെ രക്ഷപ്പെടുത്തി. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മുകേഷ് സിങ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പ്രാദേശിക പോലീസിനെ സൈന്യം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിരാവിലെ അരുവിയിലൂടെ ജലം കുത്തിയൊലിച്ചെത്തിയപ്പോള്‍ ഗ്രാമത്തിലുള്ളവരെല്ലാം തന്നെ നല്ല ഉറക്കത്തിലായിരുന്നു. ഇതാണ് മരണ സംഖ്യ കൂടാന്‍ കാരണം. ഒഴുകിപ്പോയ വീടുകളില്‍ ഭൂരിഭാഗവും അരുവിയോട് ചേര്‍ന്നുള്ളവയായിരുന്നെന്നും മുകേഷ് സിങ് കൂട്ടിച്ചേർത്തു.

ഹിമാചല്‍ പ്രദേശിലെ കുളു, ലാഹോള്‍-സ്പിതി ജില്ലകളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി.

ടോസിങ് നുള്ളയില്‍ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്ന് തൊഴിലാളികള്‍ താമസിച്ചിരുന്ന രണ്ട് കൂടാരങ്ങള്‍ ഒലിച്ചു പോയി.  അഞ്ച് പേര്‍ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ നീരജ് കുമാര്‍ അറിയിച്ചു. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലെയും ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്സിലെയും നാല് ഉദ്യോഗസ്ഥരും മരിച്ചവരിലും കാണാതായവരിലും പെടും.

മരിച്ചവരില്‍ ഒരു കശ്മീരി തൊഴിലാളിയും ഉള്‍പ്പെടുന്നു. കാണാതായവരെ കണ്ടെത്താന്‍ ബിആര്‍ഒ, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവരടങ്ങുന്ന സംഘം ശ്രമിക്കുന്നുണ്ട്. 

ലഡാക്കിലും ഉത്തരാഖണ്ഡിലും ചെറിയ രീതിയിലുള്ള മേഘവിസ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

content highlights: cloud burst in Jammu Kashmir and himachal, 16 die