അമിത് ഷാ,ദേവേന്ദ്ര ഫഡ്നാവിസ്.ഫോട്ടോ:എ.എൻ.ഐ
മുംബൈ: റിസോര്‍ട്ട് രാഷ്ട്രീയത്തിനും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും രാഷ്ട്രീയനാടകങ്ങള്‍ക്കും ശേഷം ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പാതിവഴിയില്‍ കാല് വഴുതി വീണു. പിടിച്ച് നില്ക്കാന് പല വഴികളും നോക്കിയെങ്കിലും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ അപ്രതീക്ഷിതമായ ഇടപെടല്‍ മഹാവികാസ് അഘാഡി നേതാക്കളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. 2019-ല്‍ ദേശീയ,സംസ്ഥാന രാഷ്ട്രീയത്തെ അമ്പരപ്പിച്ച നാടകങ്ങളിലൂടെ അധികാരത്തില്‍ വന്ന ഉദ്ധവ് സര്‍ക്കാര്‍ മറ്റൊരു രാഷ്ട്രീയ നാടകത്താല്‍ രണ്ടര വര്‍ഷത്തിന് ശേഷം പുറത്തേക്ക്. അവിടെ വീണ്ടും ജയം വരിച്ച് ബി.ജെ.പിയുടെ ഓപ്പറേഷന് താമര.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്കായി ഡല്‍ഹിയില്‍ യോഗങ്ങള്‍ ചേരുന്നതിനിടെയായിരുന്നു കാലിനിടയില്‍ നിന്ന് അഘാഡി സര്‍ക്കാരിന്റെ മണ്ണൊഴുകി പോവാന്‍ തുടങ്ങിയത്. പക്ഷെ തിരിച്ചറിയാന്‍ വൈകിപ്പോയി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തായിട്ട് പോലും മൂന്ന് സീറ്റുകള്‍ ബി.ജെ.പി. സ്വന്തമാക്കിയതില്‍ തുടങ്ങിയ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ ഞെട്ടലില്‍ നിന്ന് തുടങ്ങുന്നു മഹാരാഷ്ട്രയിലെ പുതിയ നാടത്തിന്റെ ആരംഭം. പിന്നെ കണ്ടത് ഉദ്ധവിന്റെ വിശ്വസ്തന് കൂടിയായിരുന്ന ശിവസേനാ നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്ദേയുടെ കളിയാണ്. വിമതരെ കൂടെ നിര്‍ത്തി ഉദ്ധവിനെ വെല്ലുവിളിച്ച് റിസോര്‍ട്ട് രാഷ്ട്രീയത്തിന് തുടക്കമായി. ആദ്യം ഗുജറാത്തിലെ റിസോര്‍ട്ടില്‍, പിന്നെ ഗുവാഹാട്ടിയിലെ റിസോര്‍ട്ടില്‍, അവിടെ നിന്നും ഗോവയിലേക്ക്.
റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ മഹാരാഷ്ട്ര രാഷ്ട്രീയം കലങ്ങിമറിഞ്ഞതും ഒടുവില്‍ മഹാവികാസ് അഘാഡി സഖ്യത്തിന് ഭരണം നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതും കേവലം കുറച്ചു ദിവസത്തെ ചരടുവലി കൊണ്ടല്ല. ആകെയുള്ള 288 അംഗനിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് ഭീഷണിയുണ്ടാവില്ലെന്ന് വിശ്വസിച്ചിരുന്ന ശിവസേനാ നേതാക്കളുടെ പോലും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടായിരുന്നു ഏക്നാഥ് ഷിന്ദേയുടെ ചരടുവലികള്‍. ഒടുവില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് തന്നെ ട്വിറ്ററിലൂടെ മന്ത്രിസഭയുടെ രാജിക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടും പലത തവണ ഉദ്ധവ് രാജിക്കൊരുങ്ങിയിട്ടും പിടിച്ച് നില്‍ക്കുമെന്ന് തോന്നിയിടത്ത് നിന്നാണ് പതനത്തിലേക്ക് അഘാഡി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
ശിവസേന ഹിന്ദുത്വ അജണ്ടയിലേക്ക് തിരിച്ചുപോവുക, കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം ഉപേക്ഷിക്കുക, ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുക. ഇത്രയും നിബന്ധനകള്‍ ഏക്നാഥ് ഷിന്ദേയും വിമതരും മുന്നോട്ട് വെച്ചപ്പോള്‍ അതെല്ലാം അംഗീകരിക്കാന്‍ തയ്യാറായിരുന്നു ഉദ്ധവ് താക്കറെ. പക്ഷ ഒറ്റ നിബന്ധന, വിമതരെയും കൂട്ടി മുംബൈയില്‍ തിരിച്ചെത്തണം. പക്ഷെ ഇത് നിരസിച്ച ഷിന്ദേയ്ക്കും കൂട്ടര്‍ക്കുമെതിരെ അയോഗ്യതയെന്ന അവസാന വടിയും ഉദ്ധവ് താക്കറേയും ശിവസേനയുമെടുത്തപ്പോഴും പ്രതീക്ഷയിലായിരുന്നു അഘാഡി സഖ്യം. ജൂലായ് 12 വരെ അയോഗ്യതയില്‍ മറുപടി നല്കാന് സുപ്രീംകോടതി വിമതര്‍ക്ക് സമയം അനുവദിച്ചതിനാല്‍ അതുവരെ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഉദ്ധവും സംഘവും. പക്ഷെ, വ്യാഴാഴ്ച വിശ്വാസം തെളിയിക്കണമെന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നിലപാടാണ് അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും രക്ഷയില്ലാതായി. അവസാനം രാജിയിലുമെത്തി.
ഉദ്ധവ് താക്കറെയുമായി നല്ല ബന്ധമായിരുന്നുവെങ്കിലും ഉദ്ധവിന്റെ മകനും കാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറെയുടെ ഇടപെടലാണ് ഏകനാഥ് ഷിന്ദേയെ ചൊടിപ്പിച്ചത്. മകന് വന്നപ്പോള്‍ തന്നെ തഴയുന്നുവെന്ന ഏക്നാഥ് ഷിന്ദേയുടെ പരാതിക്ക് പരിഹാരം കാണാന്‍ ഉദ്ധവിനായില്ല. ഒപ്പം സഞ്ജയ് റാവുത്തിനോടുള്ള വിരോധവും കടുംകൈയ്ക്ക് പ്രേരിപ്പിച്ചു. ഇതെല്ലാം നിരീക്ഷിച്ച് അവസരം കാത്തിരുന്ന ബി.ജെ.പി. ദേവേന്ദ്ര ഫട്നാവിസിലൂടെ ഷിന്ദേയെ ഒപ്പം ചേര്‍ക്കുകയും ചെയ്തു.
ശിവസേനാ മന്ത്രിസഭയില്‍ മന്ത്രിയായിട്ടുപോലും ഷിന്ദേ നിരാശനായിരുന്നു. തന്റെ വകുപ്പില്‍ പോലും ശിവസേനാ നേതാവ് സഞ്ജയ് റാവുത്തും ആദിത്യ താക്കറെയും ഇടപെടുന്നുവെന്ന പരാതിയായിരുന്നു ഷിന്ദേയ്ക്കുണ്ടായത്. മാത്രമല്ല, ആദിത്യ താക്കറെയ്ക്ക് കാബിനറ്റ് പദവി കൊടുത്തപ്പോള്‍ പോലും ഷിന്ദേയ്ക്ക് വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കിയിരുന്നില്ല. ഇതിലെല്ലാം നിരാശനായിരുന്ന ഷിന്ദേയാണ് ഒരു സുപ്രഭാതത്തില്‍ എം.എല്‍.എമാരെ ചാക്കിലാക്കി റിസോര്‍ട്ടിലേക്ക് പറന്നത്.
2019-ല്‍ ശിവസേന- എന്‍.സി.പി. സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്ന സമയത്ത് മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഏക്നാഥ് ഷിന്ദേ. പക്ഷെ, പാര്‍ട്ടി നേതാവ് സഞ്ജയ് റാവുത്തും സുഭാഷ് ദേശായി അടക്കമുള്ള നേതാക്കളും ഇടപെട്ട് ഉദ്ധവ് താക്കറെയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. അന്ന് ശിവസേന, എന്‍സിപി എം.എല്‍.എമാരെ സംരക്ഷിക്കേണ്ട ചുമതല ഏക്നാഥ് ഷിന്ദേയ്ക്കായിരുന്നു പാര്‍ട്ടി നല്‍കിയത്. അതനുസരിച്ച് എം.എല്‍.എമാരെ മുംബൈയിലെ വിവിധ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചതും ഷിന്ദേ ആയിരുന്നു. അതേ ഷിന്ദേയെക്കൊണ്ടു തന്നെ ഇത്തവണ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ മറിച്ചിടാനുള്ള എം.എല്‍.എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചുവെന്നതും ബി.ജെ.പിയുടെ ഓപ്പറേഷന് താമരയുടെ തന്ത്രമാണ്.
അധികാരമുണ്ടെങ്കിലും എല്ലാത്തിന്റേയും അവസാനവാക്ക് സഞ്ജയ് റാവുത്താണെന്ന പരാതിയാണ് ഷിന്ദേയ്ക്കുള്ളത്. സഖ്യസര്‍ക്കാരായിട്ടും എന്‍.സി.പി. എം.എല്‍.എമാരോ ശരദ് പവാറോ സഹകരിക്കുന്നില്ലെന്നും ഷിന്ദേ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി. നേതാവും മഹാരാഷ്ട്ര പ്രതിപക്ഷനേതാവുമായ ദേവേന്ദ്ര ഫട്നാവിസുമായി ഷിന്ദേയ്ക്കുള്ള അടുത്ത ബന്ധവും എം.എല്‍.എമാരെ ചാക്കിലാക്കാന്‍ ബി.ജെ.പിക്ക് എളുപ്പമായി എന്നാണ് കരുതുന്നത്.
288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരാള്‍ മരിച്ചതോടെ ഇത് 55 ആയി. എന്‍.സി.പിക്ക് 52 ഉം കോണ്‍ഗ്രസിന് 44 ഉം എം.എല്‍.എമാരുണ്ട്. എന്‍.സി.പിയുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ നിയമസഭയില്‍ നിലവില്‍ 285 അംഗങ്ങളാണുള്ളത്. അങ്ങനെ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടത്. ആദ്യം ഷിന്ദേയോടൊപ്പം 22 പേരാണുള്ളതെന്ന വിവരം വന്നപ്പോള്‍ പോലും മന്ത്രിസഭയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ശിവസേന. അവര്‍ രാജിവെച്ചാല്‍ പോലും 132 അംഗങ്ങളുടെ പിന്തുണ മാത്രമായിരുന്നു കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. എന്നാല്‍, തന്നോടൊപ്പം 46 പേരുണ്ടെന്ന് ഏക്നാഥ് ഷിന്ദേ വ്യക്തമാക്കിയതോടെയാണ് അവരുടെ പ്രതീക്ഷ തെറ്റിയത്. ഷിന്ദേയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..