ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഡിജിപിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയ പത്താം ക്ലാസുകാരന്‍ പിടിയില്‍. ഡിജിപി ഓംപ്രകാശ് സിങ്ങിന്റെ പേരിലുണ്ടാക്കിയ ഈ വെരിഫൈഡ് അക്കൗണ്ടില്‍നിന്ന് ഇയാള്‍ സംസ്ഥാനത്തെ പോലീസുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും പോലീസ് വ്യക്തമാക്കി.

തന്റെ സഹോദരനില്‍നിന്ന് 45,000 രൂപ തട്ടിയെടുത്തവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കുട്ടി ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. ഇതിനായി ഡിജിപിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കി. ഇതിലൂടെ ഖൊരക്പുര്‍ ജില്ലാ പോലീസിന് വിദ്യാര്‍ഥി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. വ്യാജ അക്കൗണ്ടാണെന്ന് തിരിച്ചറിയാതെ ഖൊരക്പുര്‍ ജില്ലാ പോലീസ് മേധാവി വഞ്ചനാക്കേസില്‍ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് വഞ്ചനാ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും 30,000 രൂപയോളം പ്രതിയുടെ സഹോദരന് തിരികെ കൊടുപ്പിക്കുകയും ചെയ്തു.

കേസില്‍ തങ്ങള്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ പോലീസ് മേധാവി ഡിജിപിയെ അറിയിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്നാണ് വ്യജ അക്കൗണ്ട് ഡിജിപിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ അക്കൗണ്ട് ഉണ്ടാക്കിയ ഫോണ്‍ ഖൊരക്പുര്‍ ജില്ലയിലാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞ പോലീസ് ഉടമയെ കണ്ടെത്തിയപ്പോഴാണ് ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത് പത്താംക്ലാസ് വിദ്യാര്‍ഥിയാണെന്ന് വ്യക്തമായത്.

തന്റെ സുഹൃത്തില്‍നിന്നാണ് ഇത്തരമൊരു ആശയം ലഭിച്ചതെന്ന് വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് തന്റെ സഹോദരനില്‍നിന്ന് പണം തട്ടിയെടുത്ത ആള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുക്കാത്തിരുന്നില്ല. പോലീസിനെക്കൊണ്ട് കേസില്‍ നടപടിയെടുപ്പിക്കാനാണ് ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്നും വിദ്യാര്‍ഥി വ്യക്തമാക്കി.

പ്രതികളായ വിദ്യാര്‍ഥിയെയും സുഹൃത്തിനെയും ശക്തമായ താക്കീത് നല്‍കി വിട്ടയച്ചതായി ഡിജിപി വ്യക്തമാക്കി. അവരുടെ ഭാവിയെ ബാധിക്കുമെന്നതിനാല്‍ കുട്ടികള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ഡിജിപി ഓംപ്രകാശ് സിങ് പറഞ്ഞു.

Content Highlights: Class X Boy, Fake Twitter Account, UP DGP, fake account