Photo: ANI
ന്യൂഡല്‍ഹി: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ രാജ്യതലസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്‍, ജാഫറാബാദ് തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സി.എ.എ. വിരുദ്ധ പ്രക്ഷോഭകരും അനുകൂലികളും തുടര്‍ച്ചയായ രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അക്രമികള്‍ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചതായും പോലീസിന് നേരേ വെടിയുതിര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്. അക്രമികളില്‍ ഒരാള്‍ പോലീസിന് നേരേ വെടിയുതിര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ എട്ട് റൗണ്ട് വെടിയുതിര്‍ത്തെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.
മൗജ്പുരിലും ജാഫറാബാദിലും ഭജന്‍പുരയിലും രൂക്ഷമായ കല്ലേറാണുണ്ടായത്. ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് കല്ലെറിയുകയായിരുന്നു. ജാഫറാബാദിലും മൗജ്പുരിലും അക്രമികള്‍ രണ്ട് വീടുകള്‍ അഗ്നിക്കിരയാക്കി. അഗ്നിരക്ഷാ സേനയുടെ വാഹനവും കത്തിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഭവസ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍ സ്റ്റേഷനുകള്‍ അടച്ചിട്ടതായി ഡല്‍ഹി മെട്രോ അറിയിച്ചു. ഈ സ്‌റ്റേഷനുകളില്‍ ആളുകള്‍ക്ക് പ്രവേശിക്കാനാവില്ല. കഴിഞ്ഞദിവസം വൈകീട്ടും ഡല്‍ഹിയിലെ മൗജ്പുരിലും ജാഫറാബാദിലും സംഘര്‍ഷമുണ്ടായിരുന്നു.
Content Highlights: clashes broke out in delhi again
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..