ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. സ്‌പെഷല്‍ കമ്മീഷണര്‍ സഞ്ജയ് സിങ്, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദര്‍ കുമാര്‍ സിങ് എന്നിവരെയാണ് സ്ഥലംമാറ്റിയത്.
സഞ്ജയ് കുമാറിനെ ഗതാഗത വകുപ്പില്‍ സ്‌പെഷല്‍ കമ്മീഷണര്‍ ആയും റെയില്‍വേ ഡിസിപി ആയുമാണ് സ്ഥലംമാറ്റിയിരിക്കുന്നത്. റെയില്‍വേ ഡിസിപി ദിനേശ് കുമാര്‍ ഗുപ്തയെ ഉത്തരമേഖലാ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോടതി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചിരുന്നു.
നവംബര്‍ രണ്ട് ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പോലീസും ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പോലീസ് വാഹനം തട്ടിയതും പാര്‍ക്കിങിനെചൊല്ലിയുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഒരു അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും പ്രതിഷേധം കടുപ്പിച്ചു.
അഭിഭാഷകര്‍ പോലീസ് വാഹനങ്ങങ്ങളും ബൈക്കുകളും കത്തിച്ചു. ഇതിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു അഭിഭാഷകന് വെടിയേറ്റു. സംഭവസമയത്ത് കോടതിവളപ്പിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരെയും അഭിഭാഷകര്‍ മര്‍ദിക്കുകയും ക്യാമറകള്‍ നശിപ്പിക്കുകയും മൊബൈലുകള്‍ തട്ടിപ്പറിക്കുകയും ചെയ്തിരുന്നു.
Content Highlights: Clashes Between Police and Lawyers Outside Tis Hazari Court: Two IPS Officers Transferred