ഭോപ്പാല്‍: ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ മധ്യപ്രദേശ് പോലീസും സി.ആര്‍.പി.എഫും തമ്മില്‍ തര്‍ക്കം. മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധമുള്ളവരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നതിനിടെയാണ് സി.ആര്‍.പി.എഫും മധ്യപ്രദേശ് പോലീസും തമ്മില്‍ തര്‍ക്കമുണ്ടായത്. 

ആദായനികുതി വകുപ്പിന്റെ റെയ്ഡിന്  സുരക്ഷ ഉറപ്പുവരുത്താനായാണ് സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ അകമ്പടി സേവിച്ചത്. റെയ്ഡ് നടക്കുന്ന വീടും പരിസരവും പൂര്‍ണമായും ഇവരുടെ സുരക്ഷാവലയത്തിലായിരുന്നു. എന്നാല്‍ മധ്യപ്രദേശ് പോലീസ് തങ്ങളെ ജോലിചെയ്യാന്‍ അനുവദിച്ചില്ലെന്നും അവഹേളിച്ചെന്നുമാണ് സി.ആര്‍.പി.എഫുകാരുടെ ആരോപണം. 

അതേസമയം സി.ആര്‍.പി.എഫിന്റെ ആരോപണങ്ങളെ തള്ളി മധ്യപ്രദേശ് പോലീസും രംഗത്തെത്തി. റെയ്ഡ് നടക്കുന്ന വീട്ടില്‍നിന്ന് വൈദ്യസഹായം ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സംഘം അവിടെ എത്തിയത്. റെയ്ഡ് നടക്കുന്നതിനാല്‍ സി.ആര്‍.പി.എഫ്. സംഘം വീടുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അതിനിടെ മധ്യപ്രദേശ് പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ രംഗത്തെത്തി. ബംഗാളില്‍ മമതാ ബാനര്‍ജി കളിച്ച കളികള്‍ മധ്യപ്രദേശിലും അനുകരിക്കാനാണ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ഡ്യൂട്ടി ചെയ്യുകയായിരുന്ന സി.ആര്‍.പി.എഫ്. ജവാന്മാരെ പോലീസുകാര്‍ തടഞ്ഞതായും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ആദായനികുതി വകുപ്പിന്റെ റെയ്ഡുകള്‍ രാജ്യത്തെ അഴിമതിയില്‍നിന്ന് രക്ഷിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാജ്യത്തെ അമ്പതോളം കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കറെ ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. ആകെ ഒമ്പതുകോടിയോളം രൂപ റെയ്ഡില്‍ പിടിച്ചെടുത്തെന്നാണ് വിവരം. 

Content Highlights: clash between madhya pradesh police and crpf soldiers during income tax raid