ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിക്ക് മുന്‍പ് നടത്തിയിരുന്ന സര്‍വീസുകളില്‍ 85 ശതമാനം ആഭ്യന്തര സര്‍വീസുകള്‍ പുനഃരംഭിക്കാന്‍ വിമാനകമ്പനികള്‍ക്ക് അനുമതി.  കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ദിവസം വരെ 72.5 ശതമാനം ആഭ്യന്തര സര്‍വീസുകള്‍ നടത്താനാണ് അനുമതിയുണ്ടായിരുന്നത്.

ഒന്നാം ലോക്ഡൗണിന് ശേഷം കഴിഞ്ഞ വര്‍ഷം മേയ് 25ന് ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനഃരാരംഭിച്ചപ്പോള്‍ 33 ശതമാനം സര്‍വീസുകള്‍ക്കായിരുന്നു അനുമതി. പിന്നീട് വിവിധ ഘട്ടങ്ങളിലായി പടിപടിയായാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഡിസംബറില്‍ ഇത് 80 ശതമാനത്തിലേക്ക് എത്തി. 

പിന്നീട് രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ 50 ശതമാനമായി സര്‍വീസ് ചുരുക്കിയിരുന്നു. ജൂലായില്‍ ഇത് 65 ശതമാനമായും ഓഗസ്റ്റില്‍ 72.5 ശതമാനമായും വര്‍ധിപ്പിച്ചിരുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് രണ്ടാം തരംഗത്തില്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്.

Content Highlights:civil aviation ministry aproves airline companies for operating 85% of pre-Covid domestic flights