ചെന്നൈ : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ നിര്‍ബ്ബന്ധപൂര്‍വ്വം എടുക്കുന്ന കാര്യത്തില്‍ സിഐടിയുവിന് ഒരൊറ്റ നയമേയുള്ളുവെന്ന് സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍  ജീവനക്കാരുടെ ലിവ് സറണ്ടര്‍ ആനുകൂല്യം റദ്ദാക്കിയതും ഡിഎ മരവിപ്പിച്ചതും സിഐടിയു എതിര്‍ക്കുന്നത് കൃത്യമായ നയസമീപനത്തിന്റെ അടിസ്ഥാനത്തിലാണെന്ന്  എകെപി ചൂണ്ടിക്കാട്ടി.

'' കേരളത്തില്‍ പിടിക്കുന്ന ശമ്പളം പിന്നീട് തിരിച്ചുകൊടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തല്‍ക്കാലത്തേക്ക് ഒരു മാസം ആറുദിവസത്തെ ശമ്പളം വെച്ച് അഞ്ചു മാസത്തേക്ക് മാറ്റിവെയ്ക്കുന്നുവെന്നാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ വിഭവ സമാഹരണത്തിന് ഇത്തരം നടപടികള്‍ വേണ്ടി വരും. ഇക്കാര്യത്തില്‍ ഞങ്ങളുടെ നയം പകല്‍ പോലെ വ്യക്തമാണ്. ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണ്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരുകള്‍ക്കും ഒപ്പമാണ്.'' മാതൃഭൂമി ഡോട്ട്കോമിനോട് ടെലിഫോണില്‍ സംസാരിക്കുകയായിരുന്നു എ കെ പി.

തമിഴ്നാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ചുകൊടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടാണ് സിഐടിയു ഈ തീരുമാനത്തെ എതിര്‍ക്കുന്നതെന്നും എ കെ പി പറഞ്ഞു. ''തമിഴ്നാട്ടില്‍ മാത്രമല്ല ആന്ധ്രയിലും തെലങ്കാനയിലും ഇത്തരം സമീപനത്തെ സിഐടിയു എതിര്‍ക്കുന്നുണ്ട്. അതേ സമയം മഹാരാഷ്ട്രയിലും രാജസ്ഥാനിലും സര്‍ക്കാരുകള്‍ പറഞ്ഞിരിക്കുന്നത് പിടിച്ചെടുക്കുന്ന ശമ്പളം സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ തിരിച്ചുകൊടുക്കുമെന്നാണ്. അതുകൊണ്ട് തന്നെ അവിടങ്ങളില്‍ സിഐടിയു സര്‍ക്കാര്‍ നയത്തെ എതിര്‍ത്തിട്ടില്ല. ''

ജീവനക്കാരുടെ ഡി എ നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സിഐടിയു എതിര്‍ക്കുന്നതും ഇതേ നയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എ കെ പി വ്യക്തമാക്കി. '' കേന്ദ്ര സര്‍ക്കാരിന് വിഭവസമാഹരണത്തിന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. 68,000 കോടി രൂപയാണ് ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍കിട കമ്പനികള്‍ക്കായി എഴുതിത്തള്ളിയതെന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ടെന്നും എ കെ പി പറഞ്ഞു.