ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് ഇന്ത്യന്‍ മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഡല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാം സയിദ് അഹമ്മദ് ബുഖാരി. രാജ്യത്ത് ജീവിക്കുന്ന മുസ്ലിങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും എന്‍ആര്‍സി ഇതുവരെ നിയമമായിട്ടില്ലെന്നും ഇമാം അഭിപ്രായപ്പെട്ടു.

"പ്രതിഷേധിക്കുക എന്നത് ഇന്ത്യയിലെ ഓരോ പൗരന്റെയും ജനാധിപത്യ അവകാശമാണ്. ആര്‍ക്കും നമ്മെ അതില്‍ നിന്ന് തടയാനാവില്ല. അതുപോലെ തന്നെ നിയന്ത്രണവിധേയമായി ഈ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടതുമുണ്ട്. വികാരങ്ങളെ നിയന്ത്രിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്." നിലവില്‍ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിങ്ങളെ പൗരത്വ നിയമ ഭേദഗതി ബാധിക്കില്ല. പകരം പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ഥികളെയാണ് നിയമം ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

"പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ റജിസ്റ്ററും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ആദ്യത്തേത് നിയമമാണ്. രണ്ടാമത്തെ പ്രഖ്യാപനം മാത്രമാണ് നിയമമായിട്ടില്ല.  പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന മുസ്ലിം അഭയാര്‍ഥികള്‍ക്ക് മാത്രമേ ഇന്ത്യന്‍ പൗരത്വം ലഭിക്കാതിരിക്കുകയുള്ളൂ. നിലവില്‍ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിങ്ങളെ യാതൊരു വിധേനയും അത് ബാധിക്കില്ല", ബുഖാരി കൂട്ടിച്ചേർത്തു

രാജ്യമൊട്ടുക്കും പൗരത്വനിയമഭേദഗതിക്കതെിരേ പ്രക്ഷോഭം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ബുഖാരി ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

content highlights: Citizenship amendment Law Has nothing to do with Indian Muslims, says Shahi Imam