ന്യൂഡല്‍ഹി: വിവാദങ്ങളും പ്രതിഷേധവും നിലനില്‍ക്കെ പൗരത്വനിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. ജനുവരി 10 മുതല്‍ നിയമം നിലവില്‍ വന്നുവെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
നിയമത്തിന്റെ ചട്ടങ്ങള്‍ രൂപം കൊടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചനകള്‍ നടത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നതാണ്. മാത്രമല്ല നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ നിരവധി ഹര്‍ജികള്‍ നിലനില്‍ക്കെയാണ് നിര്‍ണായക നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. നിയമത്തിനെതിരെ സുപ്രീം കോടതിയുടെ സ്‌റ്റേ ഇല്ലാത്തതിനാല്‍ മുന്നോട്ടുപോകാമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നാണ് വിവരങ്ങള്‍.
പാര്‍ലമെന്റില്‍ നിയമം പാസാക്കിയതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. നിയമം നടപ്പാക്കുന്നതിനെതിരെ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. നിയമത്തിനെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും നിയമത്തെ അനുകൂലിക്കുന്നവരുടെ യോഗങ്ങളും അതിനോടനുബന്ധിച്ചുള്ള പ്രചാരണവും നടത്തിയിരുന്നു.
മതപീഡനത്തെ തുടര്‍ന്ന് 2014ന് മുന്‍പ് ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് രാജ്യങ്ങളില്‍നിന്നുള്ള ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം.
Ministry of Home Affairs: Central Government appoints the 10th day of January, 2020, as the date on which the provisions of the Citizenship Amendment Act shall come into force. pic.twitter.com/QMKYdmHHEk
— ANI (@ANI) January 10, 2020
Content Highlights: Central Government appoints the 10th day of January, 2020, as the date on which the provisions of the Citizenship Amendment Act shall come into force.