ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുറമേ നിന്നുള്ളവര്‍ക്ക് ഇടപെടാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം. 

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍(യു.എന്‍.എച്ച്.ആര്‍.സി) സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് പ്രസ്താവനയിലൂടെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 

സി.എ.എ.യ്ക്ക് എതിരായ കേസില്‍ കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.എന്‍.എച്ച്.ആര്‍.സി. സുപ്രീം കോടതിയില്‍ ഇടപെടല്‍ അപേക്ഷ നല്‍കിയത്. ഇതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. 

പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. നിയമനിര്‍മാണത്തിനുള്ള ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ്. ഇന്ത്യയുടെ പരാമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുറമേനിന്നുളളവര്‍ക്ക് ഇടപെടാനാകില്ലെന്നാണ് ഞങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നത്.- വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 

പൗരത്വ ഭേദഗതി നിയമം നടപ്പാകുന്നത്, പൗരത്വം നേടാനുള്ള ജനങ്ങളുടെ അവകാശത്തില്‍ വിവേചനം സൃഷ്ടിക്കുമെന്ന് യു.എന്‍. ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസ് വക്താവ് പ്രതികരിച്ചു. എല്ലാ കുടിയേറ്റക്കാര്‍ക്കും, അവരുടെ കുടിയേറ്റപദവിക്ക് അതീതമായി ബഹുമാനവും സംരക്ഷണവും മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

content highlights: citizenship act is internal matter says external affairs ministry after unhrc reaches supreme court