കോടതിയിൽ നിന്ന് പുറത്തേക്ക് വരുന്ന ദിശാ രവി |ഫോട്ടോ:പി.ടി.ഐ(ഫയൽ)
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്ത്ത ദിശാ രവിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഡല്‍ഹി സെഷന്‍സ് കോടതി കേസില്‍ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തി. ദിശാരവിക്കെതിരെ രാജ്യദ്രോഹമുടക്കം ചുമത്തിയത് സൂചിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
'ഏതൊരു ജനാധിപത്യരാജ്യത്തും പൗരന്മാര് സര്‍ക്കാരിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാണ്. ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന പൗരന്മാരെ തടവറകളിലാക്കാന്‍ സാധിക്കില്ല' ദിശാ രവിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ധര്‍മേന്ദര്‍ റാണ വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസങ്ങള്‍, വിയോജിപ്പുകള്‍,നിരാകരണങ്ങളുമെല്ലാം ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യത്തിന്റെ അടയാളങ്ങളാണ്.
വ്യത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കുന്ന പുരാതന ഇന്ത്യന്‍ നാഗരികതയുടെ ധാര്‍മ്മികതയെക്കുറിച്ചും ജഡ്ജി വിധിന്യായത്തില്‍ പരാമര്‍ശിച്ചു.നമ്മുടെ 5000 വര്‍ഷം പഴക്കമുള്ള ഈ നാഗരികത വൈവിധ്യമാര്‍ന്ന ഭാഗങ്ങളില്‍ നിന്നുള്ള ആശയങ്ങളോട് ഒരിക്കലും വിമുഖത കാണിച്ചിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.
22-കാരിയായ ദിശാ രവിയെ ഫെബ്രുവരി 13-ന് ബെംഗളൂരുവില്‍ നിന്നാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ ത്യുന്‍ബെ ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റ് രൂപകല്പന ചെയ്തതിനാണ് ദിശാ അറസ്റ്റിലാകുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യവുമെന്ന വ്യവസ്ഥയിലാണ് കോടതി ഇന്ന് ദിശാ രവിക്ക് ജാമ്യം അനുവദിച്ചത്.
കര്‍ഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ടൂള്‍ കിറ്റും റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളും തമ്മില്‍ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുണ്ടോയെന്ന് ഡല്‍ഹി പോലീസിനോട് കോടതി ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ചോദിച്ചിരുന്നു.തെറ്റായ പശ്ചാത്തലമുള്ള ഒരാളെ കണ്ടുവെന്നതിന്റെ പേരില്‍മാത്രം എങ്ങനെയാണ് ഒരു വ്യക്തിക്കെതിരേ ദുരുദ്ദേശ്യം ആരോപിക്കുകയെന്നും കോടതി ചോദിച്ചു.
Content Highlights: Citizens Can't Be Put Behind Bars Simply Because They Disagree With State Policies -Delhi Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..