മുംബൈ: പരിശോധനയില്ലാതെ മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ പ്രവേശിക്കാനൊരുങ്ങിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ തടഞ്ഞ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് പാരിതോഷികവുമായി അധികൃതർ. സല്‍മാന്‍ ഖാനെ തടഞ്ഞതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരിൽ ഉദ്യോഗസ്ഥനെ ശിക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകൾ വ്യാജമാണെന്നും സി.ഐ.എസ്.എഫ് അറിയിച്ചു. 

ട്വിറ്ററിലൂടെയായിരുന്നു സി.ഐ.എസ്.എഫിന്റെ പ്രതികരണം. മുഖം നോക്കാതെ നടപടിയെടുത്തതില്‍ ഉദ്യോഗസ്ഥന് അര്‍ഹമായ പാരിതോഷികം നല്‍കിയതായി സി.ഐ.എസ്.എഫ് ട്വീറ്റിലൂടെ അറിയിച്ചു. റഷ്യയില്‍ ടൈഗര്‍-3 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് പോകാനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് സല്‍മാന്‍ ഖാനും കത്രീന കൈഫും മുംബൈ വിമാനത്താവളത്തിലെത്തിയത്. 

പരിശോധനയ്ക്ക് വിധേയനാകാതെ ടെര്‍മിനലില്‍ പ്രവേശിക്കാനായി താരം പോയപ്പോള്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെത്തി സെക്യൂരിറ്റി ചെക്ക് പോയിന്റില്‍ ക്ലിയറന്‍സ് എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായിരുന്നു. മുഖം നോക്കാതെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. 

Content Highlights: cisf officer gets rewarded for doing his duty without any fall