ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നീക്കിയതിന് ശേഷം ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ മാർഗനിർദേശങ്ങളുമായി സി.ഐ.എസ്.എഫ്. 

ഷെഡ്യൂള്‍ ചെയ്യപ്പെട്ട ഫ്‌ളൈറ്റിന് രണ്ടുമണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം, മാസ്‌കുകളും കൈയുറകളുമുള്‍പ്പടെ എല്ലാ സുരക്ഷാമുന്‍കരുതലുകളും ഉണ്ടാകണം, യാത്രക്കാര്‍ക്കിടയില്‍ ഒരു സീറ്റ് വീതം ഒഴിച്ചിടണം തുടങ്ങി വിവിധ നിര്‍ദേശങ്ങളാണ് സി.ഐ.എസ്.എഫ്. മുന്നോട്ടുവെച്ചിരിക്കുന്നത്. 

മറ്റ് പ്രധാന നിർദേശങ്ങൾ

യാത്രക്കാരില്‍ നിന്നും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നുവോ മുതലായ വിശദാംശങ്ങള്‍ ഫ്ളൈറ്റ് ഓപ്പറേറ്റർമാർ ശേഖരിക്കണം, ചെക്ക് ഇന്‍ കൗണ്ടറുകള്‍ തമ്മിൽ അകലം വേണം. സാമൂഹിക അകലം പാലിക്കുന്നതിനായി സ്ഥലങ്ങൾ അടയാളപ്പെടുത്തണം, എല്ലാ യാത്രക്കാര്‍ക്കും സാനിറ്റൈസര്‍ നല്‍കണം, യാത്രക്കാര്‍ക്കായി ഒരുചോദ്യാവലി തയ്യാറാക്കണം അതില്‍ ക്വാറന്റൈനുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സംവിധാനം വേണം, വിമാനത്താവളത്തിനുള്ളില്‍ മാസ്‌ക്, കൈയുറകള്‍ എന്നിവ വില്‍ക്കണം. വിമാനത്താവളത്തിലെ എല്ലാ കവാടങ്ങളിലും യാത്രക്കാരുടെ താപനില പരിശോധിക്കുന്നിനായി തെര്‍മോമീറ്ററുമായി ജീവനക്കാരെ നിയോഗിക്കണം എന്നിവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ. 

തങ്ങളുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോർട്ട് സി ഐ എസ് എഫ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചുവെന്നും പദ്ധതി മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും സി ഐഎസ്എഫ് സെപ്ഷ്യല്‍ ഡയറകടര്‍ ജി.എ.ഗണപതി അറിയിച്ചു. 

Content Highlights:CISF Drafts New Rules for Fliers