ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിങ്ങിനും കമല്‍ നാഥിനുമെതിരേ കൈലാഷ് വിജയവര്‍ഗിയ നടത്തിയ 'ചുന്നു മുന്നു' പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.  മാതൃകാ പെരുമാറ്റചട്ട കാലയളവില്‍ (മോഡല്‍ കോഡ്) പൊതു സ്ഥലങ്ങളില്‍ സംസാരിക്കുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപദേശിച്ചു.

കൈലാഷ് വിജയവര്‍ഗിയ കമല്‍നാഥിനും ദിഗ്വിജയ് സിങ്ങിനുമെതിരേ ഗദ്ദാര്‍ അഥവാ രാജ്യദ്രോഹികള്‍ എന്ന പരാമര്‍ശവും നടത്തിയിരുന്നു.

പ്രസ്തുത വിഷയത്തില്‍ ബിജെപി നേതാവില്‍ നിന്ന് മറുപടി ആവശ്യപ്പെട്ട് ഒക്ടോബര്‍ 26 നാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.

ഒക്ടോബര്‍ 14 ന് നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ഇന്‍ഡോറിലും സാന്‍വറിലും നടത്തിയ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതായി നോട്ടീസില്‍ ആരോപിക്കുന്നുണ്ട്.

മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനാണ് നടക്കുന്നത്. എന്നാല്‍ പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്തതുകൊണ്ടാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്നാണ് വിജയവര്‍ഗ്ഗിയ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പ് ഗതിയില്‍ മാറ്റം വരുത്താനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശ്രമമാണെന്നാണ് വിജയ വര്‍ഗിയയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളും മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകളും പാലിക്കുന്നത് ബിജെപിക്ക് പരമപ്രധാനമാണെന്നും വിജയവര്‍ഗിയ പ്രതികരിച്ചു.

content highlights: Chunnu-Munnu' Remarks by BJP's Vijayvargiya Violated Model Code, says EC