ന്യൂഡല്‍ഹി: തന്നെ അറസ്റ്റു ചെയ്യുമോ എന്ന ഭയമുണ്ടെന്ന് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്ടര്‍ ഇടപാടിലെ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ അഭിഭാഷക റോസ്മേരി പട്രിസി. ക്രിസ്റ്റ്യന്‍ മിഷേലിനെക്കുറിച്ച് തനിക്ക് എല്ലാം അറിയാം എന്നതുകൊണ്ടാണ് അറസ്റ്റിലാകുമോ എന്ന ഭയമുള്ളതെന്നും റോസ്മേരി വ്യക്തമാക്കി.

മോശമായതൊന്നും സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സഹായം അഭ്യര്‍ത്ഥിക്കാനാണ് കോടതിയില്‍ എത്തിയത്. ക്രിസ്മസിന് തന്റെ വീട്ടിലേക്ക് പോകാന്‍ പറ്റുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും റോസ്മേരി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ക്രിസ്റ്റ്യന്‍ മിഷേലിന്റെ സി.ബി.ഐ കസ്റ്റഡി കോടതി നാല് ദിവസത്തേക്കു കൂടി നീട്ടി. മിഷേലിനെ കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയനാക്കേണ്ടതുണ്ട് എന്ന സി.ബി.ഐ വാദം പരിഗണിച്ചാണ് കോടതി നടപടി. ഡിസംബര്‍ നാലിനാണ് ദുബായില്‍ അറസ്റ്റിലായ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറിയത്. 

രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍പ്രധാനമന്ത്രിമാര്‍ തുടങ്ങിയവര്‍ക്കു വേണ്ടി 12 വി.വി.ഐ.പി ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ അഗസ്ത വെസ്റ്റ്ലാന്‍ഡുമായി കരാര്‍ ഒപ്പിട്ടത്.

3600 കോടിരൂപയായിരുന്നു കരാര്‍ തുക. കരാറിലെ മുഖ്യഇടനിലക്കാരനായിരുന്നു ബ്രിട്ടീഷുകാരനായ മിഷേല്‍. ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ സ്വാധീനിക്കാനാണ് അഗസ്ത വെസ്റ്റ്ലാന്‍ഡ് മിഷേലിനെ ഉപയോഗിച്ചതെന്നാണ് ആരോപണം.

content highlights: Christian Michel lawyer says she fears arrest