ന്യൂഡല്‍ഹി: റഫാല്‍ ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയതിക്കുറിച്ച് പ്രതികരിക്കവെയാണിത്.  

സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള കാര്യങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്. ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം വേണം. 30,000 കോടിയുടെ കരാര്‍ അനില്‍ അംബാനിക്ക് നല്‍കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. 

പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാന്‍ തയ്യാറാകുന്നില്ല. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളന്‍തന്നെയാണെന്ന് രാഹുല്‍ വീണ്ടും ആരോപിച്ചു. പ്രധാനമന്ത്രി ഒന്നും സംസാരിക്കുന്നില്ല. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും അരുണ്‍ ജെയ്റ്റ്ലിയും മാത്രമാണ് സംസാരിക്കുന്നത്. 30,000 കോടിയുടെ അഴിമതിയാണ് നടന്നത്. അനില്‍ അംബാനിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി കളവ് നടത്തിയതെന്നും രാഹുല്‍ ആരോപിച്ചു.

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) ക്ക് മുന്നില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നാണ് സുപ്രീംകോടതി വിധിയില്‍ പറയുന്നത്. പി.എ.സി അംഗങ്ങള്‍ ആരും കാണാത്ത റിപ്പോര്‍ട്ട് കോടതി മാത്രം എങ്ങനെയാണ് കണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഫ്രഞ്ച് പാര്‍ലമെന്റിലാണോ സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. 

Content Highlights: Rafale Deal, Rahul Gandhi, Supreme Court Verdict