ന്യൂഡല്‍ഹി: ഹരിയാണയിലെ പഞ്ച്ഗുള ജില്ലയിലെ അഭയ്പൂരില്‍ വയറിളക്കം ബാധിച്ച് ഒന്‍പതുവയസുകാരന്‍ മരിച്ചു. വയറിളക്കം വ്യാപകമായ പഞ്ച്ഗുളയില്‍ ഇതുവരെ മുന്നൂറോളം പേരെയാണ് രോഗം ബാധിച്ചത്. നൂറോളം പേര്‍ ആശുപത്രിയിലാണ്. 

ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേന്നു രാവിലെ തന്നെ ഡിസ്ചാര്‍ജ് ചെയ്തു. ഉച്ചയോടെയായിരുന്നു മരണം. 

ബുധനാഴ്ചയാണ് ജില്ലയില്‍ ആദ്യരോഗം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ നൂറോളം പേരെ വയറിളക്കം ബാധിച്ച് മെഡിക്കല്‍ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 46 പേര്‍ കുട്ടികളാണ്. കുടിവെള്ളത്തില്‍ ഓടയിലെ വെള്ളം കലര്‍ന്നതാണ് രോഗകാരണമെന്നാണ് സംശയിക്കുന്നത്. പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് കോളറ ബാധയാണെന്ന് വ്യക്തമായത്. പഞ്ച്ഗുള ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യാഴാഴ്ച പ്രദേശം സന്ദര്‍ശിച്ചു. 

പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പരിതാപകരമാണെന്നും ശുചിത്വത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണിതെന്നും മെഡിക്കല്‍ ഓഫീസര്‍ മുക്ത കുമാര്‍ വ്യക്തമാക്കി. "തുറന്നു കിടക്കുന്ന ഓടയ്ക്ക് സമീപത്താണ് കുടിവെള്ള ടാങ്ക്. വീടുകളിലെ മാലിന്യങ്ങള്‍ ഈ ഓടയിലേക്കാണ് വന്നുചേരുന്നത്. മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നതാകും കോളറ വ്യാപനത്തിന് കാരണമായത്." അദ്ദേഹം പറഞ്ഞു.

 

Content Highlights: Cholera outbreak in Haryana; 9 year old boy dies