ന്യൂഡല്‍ഹി: ചിരാഗ് പാസ്വാനെതിരേ ഇളയച്ഛന്‍ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തില്‍ വിമതനീക്കം നടത്തിയതിന് പിന്നാലെ ലോക് ജനശക്തി പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗിനെ പുറത്താക്കി. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വത്തില്‍ ചിരിഗ് പാസ്വാനെ നീക്കം ചെയ്തതായി വിമത എംപിമാര്‍ പറഞ്ഞു.

എല്‍ജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായിരുന്നു ചിരാഗ് പാസ്വാന്‍. കഴിഞ്ഞ ദിവസം ചിരാഗ് ഒഴികെയുള്ള പാര്‍ട്ടിയുടെ എംപിമാര്‍ ചേര്‍ന്ന് പശുപതി കുമാര്‍ പരസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരിക്കുന്നത്.

സൂരജ് ഭാനെയാണ് പാര്‍ട്ടിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റായി വിമതര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തോട് പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് വിളിച്ച് അഞ്ചു ദിവസത്തിനകം പുതിയ അധ്യക്ഷനായി തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടിയിലെ അഞ്ച് എം.പി.മാര്‍ ഞായറാഴ്ച ലോക്സഭാ സ്പീക്കറെക്കണ്ട് ചിരാഗിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് നീക്കിയതായും പകരം പരസിനെ നിയമിച്ചതായും അറിയിച്ചിരുന്നു. അലി കൈസറാണ് ഉപനേതാവ്.

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ രാഷ്ട്രീയക്ഷീണത്തിന് തിരിച്ചടിയായി മുഖ്യമന്ത്രി നിതീഷ് കുമാറും ജെ.ഡി.യു.വുമാണ് ചിരാഗിനെതിരേ നാടകീയ നീക്കം ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. ജെ.ഡി.യു. സംസ്ഥാന നേതൃത്വം ആരോപണം തള്ളിക്കളഞ്ഞു. എന്നാല്‍, എന്‍.ഡി.എ. ഘടകകക്ഷിയിലെ സംഭവവികാസത്തെപ്പറ്റി ബി.ജെ.പി. പ്രതികരിച്ചിട്ടില്ല.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് എല്‍.ജെ.പി.യിലെ കലഹം മറനീക്കിയത്. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യത്തെ പുനഃസംഘടനയില്‍ ജെ.ഡി.യു., എല്‍.ജെ.പി. എന്നീ ഘടകകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് സൂചനയുണ്ട്. നിലവില്‍ ചിരാഗ് ഉള്‍പ്പെടെ ആറ്് ലോക്സഭാംഗങ്ങളാണ് എല്‍.ജെ.പി.ക്കുള്ളത്. എന്നാല്‍, ചിരാഗിന്റെ നേതൃത്വത്തില്‍ എല്‍.ജെ.പി.യെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ജെ.ഡി.യു. സമ്മതിക്കില്ല. 2020 ഒക്ടോബര്‍മുതല്‍ ചിരാഗും നിതീഷും തമ്മില്‍ ആരംഭിച്ച യുദ്ധം അടുത്തിടെ മൂര്‍ച്ഛിച്ചിരുന്നു. ജനുവരിയില്‍ ദേശീയതലത്തില്‍ ചേര്‍ന്ന എന്‍.ഡി.എ.യുടെ വെര്‍ച്വല്‍ യോഗത്തിലേക്ക് ചിരാഗിനെ ബി.ജെ.പി. ക്ഷണിച്ചിരുന്നെങ്കിലും നിതീഷിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഒഴിവാക്കിയതാണ് ഈ കലഹപരമ്പരയുടെ ഒടുവിലത്തെ ഘട്ടം.

ചിരാഗിന്റെ ബന്ധുകൂടിയായ പ്രിന്‍സ് രാജ്, ചന്ദന്‍ സിങ്, വീണാ ദേവി, മെഹ്ബൂബ് അലി കൈസര്‍ എന്നിവരാണ് പരസിനൊപ്പമുള്ളത്. കേന്ദ്രമന്ത്രിയായിരുന്ന പാസ്വാന്റെ മരണശേഷം ഒഴിവുവന്ന മന്ത്രിപദത്തില്‍ കണ്ണുനട്ട പശുപതി തുടക്കംമുതല്‍ ചിരാഗിന്റെ നേതൃത്വത്തെ എതിര്‍ത്തിരുന്നു. പാസ്വാന്റെ സ്ഥിരം മണ്ഡലമായ ഹാജിപ്പുരില്‍നിന്നുള്ള എം.പി.യാണ് ഇദ്ദേഹം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത സുഹൃത്താണ്. നിതീഷുമായി ഇടഞ്ഞ് ചിരാഗ് ബിഹാറില്‍ എന്‍.ഡി.എ. സഖ്യം വെടിഞ്ഞതില്‍ പശുപതി അസ്വസ്ഥനായിരുന്നു.

പാര്‍ട്ടിയിലെ വിമതനീക്കങ്ങളറിഞ്ഞ് ചിരാഗ് തിങ്കളാഴ്ച ഡല്‍ഹിയില്‍ ഇളയച്ഛന്റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് പശുപതിയും പ്രിന്‍സ് രാജും തയ്യാറായില്ല. ഒന്നരമണിക്കൂര്‍ കാത്തിരുന്നശേഷം ചിരാഗ് മടങ്ങിയപ്പോഴാണ് വിമതര്‍ മാധ്യമങ്ങളെക്കണ്ടത്. നിതീഷ് ഉന്നതനേതാവാണെന്നും എല്‍.ജെ.പി. കേന്ദ്രത്തിലും സംസ്ഥാനത്തും എന്‍.ഡി.എ.യില്‍ തുടരുമെന്നും പശുപതി പറഞ്ഞു.

സംഭവത്തില്‍ ചിരാഗ് പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി അടുപ്പമുള്ള ചിരാഗ് ഇരുവരുമായും കൂടിയാലോചിച്ച ശേഷമായിരിക്കും നിലപാട് പ്രഖ്യാപിക്കുക. ചിരാഗിനെ ബി.ജെ.പി കേന്ദ്രനേതൃത്വം കൈവിട്ടാല്‍ മാത്രമേ വിമതനേതാക്കള്‍ക്ക് സാധ്യതയുള്ളൂ. ബി.ജെ.പി. ചിരാഗിനെ പിന്തുണച്ചാല്‍ വിമതര്‍ ജെ.ഡി.യു.വില്‍ ചേരുമെന്നാണ് സൂചന.