ലാലു പ്രസാദ് യാദവ് | Photo: PTI
പട്ന: ലോക് ജനശക്തി പാര്‍ട്ടിയില്‍ (എല്‍.ജെ.പി.) എന്ത് സംഭവിച്ചാലും ചിരാഗ് പസ്വാന് പാര്‍ട്ടിയുടെ നേതാവായി തുടരുമെന്ന് മുതിര്‍ന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ചിരാഗും പശുപതി കുമാര്‍ പരാസും തമ്മില്‍ പാര്‍ട്ടി നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലാണ് ലാലുവിന്റെ അഭിപ്രായ പ്രകടനം. സംസ്ഥാനത്ത് തേജസ്വിയും ചിരാഗും സഖ്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആര്.ജെ.ഡി. നേതാവ് തേജസ്വി യാദവ് ചിരാഗ് പസ്വാനുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന് വേണ്ടി പരസ്യമായി വാദിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി. അധികാരത്തില്‍ എത്തിയ ശേഷം അവരുടെ സഖ്യകക്ഷികളെ ഉപേക്ഷിക്കുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു.
അന്തരിച്ച രാം വിലാസ് പസ്വാന് ഒരു സോഷ്യലിസ്റ്റും ജീവിതകാലം മുഴുവന്‍ സാമൂഹ്യനീതി എന്ന ആശയത്തില്‍ ഉറച്ചു വിശ്വസിച്ച ആളുമായിരുന്നുവെന്ന് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ചിരാഗിനെ ക്ഷണിച്ചുകൊണ്ട് തേജസ്വി യാദവ് പറഞ്ഞിരുന്നു. തന്റെ രാഷ്ട്രീയ യാത്രയില്‍ അദ്ദേഹം ജാതി മേധാവിത്വം, ദാരിദ്ര്യം, അസമത്വം എന്നിവയ്ക്കെതിരെ പോരാടിയെന്നും തേജസ്വി പറഞ്ഞു.
എല്‍.ജെ.പിയുടെ നേതൃത്വം സംബന്ധിച്ച് പശുപതി പരസുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബി.ജെ.പി. ചിരാഗ് പസ്വാനെ സഹായിച്ചില്ലെന്ന് ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലുള്ള ലാലു പ്രസാദ് യാദവിന്റെ പ്രതികരണം ബിഹാര്‍ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ പശുപതി കുമാര്‍ പരാസ് അംഗമാകുകയും ചെയ്തിരുന്നു.
Content Highlights: Chirag Paswan is LJP chief, he should form alliance with Tejashwi Yadav: Lalu Prasad Yadav
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..