ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ നിയമ വിദ്യാര്‍ഥിനി ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഘത്തിന് നേതൃത്വം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. 

സ്വാമി ചിന്മയാനന്ദിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് കേസുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ അലഹബാദ് ഹൈക്കോടതി പ്രത്യേക ബഞ്ച് രൂപവത്കരിക്കണം. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം സുപ്രീംകോടതി നല്‍കിയിട്ടുള്ളത്.

മുന്‍ കേന്ദ്രമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിയമ വിദ്യാര്‍ഥിനിയെ കാണാതായിരുന്നു. ഒരു ആണ്‍കുട്ടിക്കൊപ്പം അവര്‍ രാജ്യതലസ്ഥാനത്തുണ്ടെന്ന് അവകാശപ്പെട്ട് യു.പി പോലീസ് രംഗത്തെത്തിയിരുന്നു. പിന്നീട് വിദ്യാര്‍ഥിനിയെ രാജസ്ഥാനില്‍നിന്ന് കണ്ടെത്തി.

വെള്ളിയാഴ്ച അവരെ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിനിയെ പോലീസ് സംരക്ഷണത്തോടെ ന്യൂഡല്‍ഹിയില്‍തനന്നെ പാര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് വിഷയം പരിഗണിക്കവെയാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാന്‍ യു.പി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

പെണ്‍കുട്ടിയെ കാണാതായ സംഭവത്തിന് പിന്നാലെ പോലീസ് സ്വാമി ചിന്മയാനന്ദിനെതിരെ കേസെടുത്തിരുന്നു. തന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്.

പെണ്‍കുട്ടിയെ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്ന് സ്വാമി ചിന്മയാനന്ദ് പ്രതികരിച്ചിരുന്നു. സ്വാമി ചിന്മയാനന്ദ് നേതൃത്വം നല്‍കുന്ന ആശ്രമം നടത്തുന്ന ലോ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് പരാതിക്കാരിയായ വിദ്യാര്‍ഥിനി.

Content Highlights: Chinmayanand case: SC directs UP govt to set up SIT to look into woman's allegations