
ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് സമീപം ആയുധങ്ങളുമായി പീപ്പിൾസ് ലിബറേഷൻ ആർമി | ഫോട്ടൊ: എ.എൻ.ഐ
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിന്റെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് സമീപം തോക്കുകളും കുന്തം അടക്കമുള്ള ആയുധങ്ങളുമായി 40 മുതല്‍ 50 വരെ പിഎല്‍എ (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) സൈനികര്‍ എത്തിയതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ സൈനികരെ ബലംപ്രയോഗിച്ച് നീക്കാനുള്ള പുതിയ ശ്രമം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തിങ്കളാഴ്ച സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ഇന്ത്യന്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. ഇതേത്തുടര്‍ന്ന് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുകയും പലതവണ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഉന്നതതല കൂടിക്കാഴ്ചകള്‍ നടത്തി. കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെ അദ്ദേഹത്തെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. പാംഗോങ് തടാകത്തിന് സമീപമുള്ള റെസാങ് ലായ്ക്ക് സമീപമാണ് തിങ്കളാഴ്ച സംഘര്‍ഷാവസ്ഥ ഉണ്ടായത്. അതിനിടെ, ഇന്ത്യന്‍ സൈനികരാണ് വെടിവെപ്പ് നടത്തിയതെന്ന ആരോപണം ചൈന ഉന്നയിച്ചിരുന്നു. എന്നാല്‍ ചൈനയുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായ പ്രകോപനം ഉണ്ടാകുന്നുവെന്നും പിഎല്‍എയാണ് ആദ്യംവെടിവെപ്പ് നടത്തിയതെന്നും ഇന്ത്യന്‍ ആര്‍മി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ സൈന്യം യാഥാര്‍ഥ നിയന്ത്രണരേഖ മറികടക്കുകയോ വെടിവെപ്പ് അടക്കമുള്ളവ നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ ആര്‍മി വക്താവ് പറഞ്ഞിരുന്നു. ചൈനയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രകോപനം ഉണ്ടായിട്ടും ഇന്ത്യന്‍ സൈന്യം സംയമനത്തോടെ പെരുമാറി. സമാധാനവും സ്വസ്ഥതയും നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെങ്കിലും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും കരസേന വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപത്തെ പുതിയ നീക്കങ്ങള്‍.
Content Highlights: Chinese troops with spears, guns again near Indian position at LAC; fresh skirmish likely
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..