ന്യൂഡല്‍ഹി: 1000 കോടിയുടെ രാജ്യാന്തര കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചൈനക്കാരന്‍ ചാര്‍ലീ പെങ് (42) ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെക്കുറിച്ചും അദ്ദേഹത്തിന്റെ സഹായിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം നടത്തിയതായി വെളിപ്പെടുത്തല്‍. ഇയാളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്തപ്പോഴാണ് വിവരം ലഭിച്ചത്. 

ഡല്‍ഹിയിലുള്ള ചില ലാമമാര്‍ക്ക് മൂന്നുലക്ഷം രൂപയോളം നല്‍കി ദലൈ ലാമയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നിരവധി തവണ ഇയാള്‍ പായ്ക്കറ്റുകളില്‍ പണം കൈമാറിയെന്നാണ് വിവരം. രാജ്യത്ത് അടുത്തിടെ നിരോധിച്ച ചൈനീസ് ആപ്പായ വീ ചാറ്റിലൂടെ ആയിരുന്നു ഇയാളുടെ ആശയവിനിമയം. ഇയാളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ലഭിച്ച സുപ്രധാന വിവരങ്ങള്‍ ആദായനികുതി വകുപ്പ് രാജ്യത്തെ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും കൈമാറിയിട്ടുണ്ട്. 

രാജ്യാന്തര കള്ളപ്പണം വെളുപ്പിക്കല്‍ സംഘത്തില്‍പ്പെട്ടവരെ കഴിഞ്ഞയാഴ്ചയാണ് രാജ്യതലസ്ഥാനത്തുനിന്ന് പിടികൂടിയത്. നിരവധി ചൈനക്കാരുടെയും അവരുടെ സഹായികളുടെയും കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് അധികൃതര്‍ നിരവധി രേഖകളും കമ്പ്യൂട്ടറുകളും 70 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തിരുന്നു. ഡല്‍ഹി, ഗുരുഗ്രാം, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്. 

വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള ചാര്‍ലി പെങ്ങാണ് സംഘത്തലവനെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ പറയുന്നത്. കടലാസ് കമ്പനികളുടെ പേരില്‍ മൂന്ന് വര്‍ഷമായി ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഹവാല ഇടപാടുകള്‍ നടത്തി വരികയായിരുന്നു. മെഡിക്കല്‍ - ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവിലായിരുന്നു ഇതെല്ലാം. 

വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കേസുകളില്‍ 2018 സെപ്റ്റംബറിലും ചാര്‍ലിയെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റു ചെയ്തിരുന്നു. മണിപ്പൂരില്‍നിന്ന് ഒരു ഇന്ത്യന്‍ യുവതിയെ വിവാഹം കഴിച്ചശേഷം ഇയാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം.

കടപ്പാട് - news18.com

Content Highlights: Chinese man with hawala links tried to spy Dalai Lama - IT sources