ശ്രീനഗര്‍: ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ്  ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം രാജ്യത്ത് തുടരുമ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍)ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരില്‍ ചൈനയില്‍ നിന്നുള്ള കമ്പനികളെയും നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള രംഗത്ത്.

"ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുമ്പോഴും ചൈനീസ് കമ്പനികള്‍ ഐപിഎല്ലിന്റെ മുഖ്യസ്‌പോണ്‍സര്‍മാരായി തുടരും. ചൈനയുടെ പണം/നിക്ഷേപം/സ്‌പോണ്‍സര്‍ഷിപ്പ്/പരസ്യം എന്നിവ കൈകാര്യം ചെയ്യുന്ന വിധത്തെ കുറിച്ച് ആശയക്കുഴപ്പത്തിലായ നമ്മെ ചൈന അപമാനിക്കുന്നതില്‍ അതിശയിക്കേണ്ടതില്ല", ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. 

സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ നേരത്തെയുള്ള സ്‌പോണ്‍സര്‍മാരെ നിലനിര്‍ത്താനുള്ള ഐപിഎല്‍ ഭരണസമിതിയുടെ തീരുമാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള. ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്നാലോചിക്കാതെ ചൈനീസ് കമ്പനികള്‍ നിര്‍മിച്ച ടെലിവിഷനുകള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ വിഡ്ഢികളെ കുറിച്ച് തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

ചൈനീസ് കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പും പരസ്യവുമില്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുമോ എന്ന കാര്യത്തില്‍ നമുക്കിപ്പോഴും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് ചൈനയ്ക്ക് ഇപ്പോള്‍ കൃത്യമായി ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.