ന്യൂഡല്‍ഹി: ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.) സൈനികര്‍ ഉത്തരാഖണ്ഡില്‍ യഥാര്‍ഥ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ അതിർത്തിയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് മുപ്പതിനാണ് സംഭവം നടന്നത്. 

നൂറോളം വരുന്ന സൈനികര്‍ ബാരാഹോതി സെക്ടറിലെ യാര്‍ഥ നിയന്ത്രണ രേഖ കടന്ന് ഉള്ളിലേക്ക് കടക്കുകയും കുറച്ചുമണിക്കൂറുകള്‍ ചിലവഴിച്ച ശേഷം മടങ്ങിപ്പോവുകയും ചെയ്യുകയായിരുന്നെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്  ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് നീക്കത്തിന് പിന്നാലെ ഇന്ത്യ മറുപടിയെന്നോണം പ്രദേശത്ത് പട്രോളിങ് നടത്തി. അതേസമയം, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തെ കുറിച്ച് ഔദ്യോഗിക പ്രസ്താവനകള്‍ ഉണ്ടായിട്ടില്ല. 

അതിര്‍ത്തിയിലെ രണ്ട് നിര്‍ണായക പ്രദേശങ്ങളില്‍നിന്ന് സമ്പൂര്‍ണ സൈനിക പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും സമ്മതിച്ചിട്ടുണ്ടെങ്കിലും കിഴക്കന്‍ ലഡാക്കിലെ പല മേഖലകളിലും ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചൈനീസ് സൈനികരുടെ കടന്നുകയറ്റം എന്നതും ശ്രദ്ധേയമാണ്. 

യഥാര്‍ഥ നിയന്ത്രണ രേഖയെ കുറിച്ച് വ്യത്യസ്തമായ ധാരണ വെച്ചുപുലര്‍ത്തുന്നതിനാല്‍ ബാരാഹോതി സെക്ടറില്‍ ഇരു രാജ്യങ്ങളുടെ ഭാഗത്തുനിന്നും ചെറിയതോതിലുള്ള കടന്നുകയറ്റങ്ങള്‍ സംഭവിക്കാറുണ്ടെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഓഗസ്റ്റ് 30-ന് യഥാര്‍ഥ നിയന്ത്രണ രേഖ കടന്നെത്തിയ ചൈനീസ് സൈന്യത്തിന്റെ എണ്ണമാണ് ഇന്ത്യന്‍ അധികൃതരെ അമ്പരപ്പിച്ചത്. 

content highlights: chinese army crossed lac in uttarakhand