ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍. അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാസിരി ജില്ലയിലാണ് സംഭവം. ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങ് ആണ് വെളിപ്പെടുത്തിയത്. 

ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം എപ്പോഴാണ് സംഭവം നടന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 

മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നത്. അന്ന് 21 വയസുള്ള ഒരാളെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

നാലുമാസത്തിലേറെയായി ലഡാക്കില്‍ ഇന്ത്യ- ചൈന സംഘര്‍ഷം തുടരുന്നതിനിടെയാണ് അരുണാചല്‍ പ്രദേശില്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ വിവരം പുറത്തുവരുന്നത്. നാചോ വനമേഖലയില്‍ താമസിക്കുന്ന ടാഗിന്‍ ഗോത്രവിഭാഗത്തില്‍ പെട്ട അഞ്ച് യുവാക്കളെയാണ് തട്ടിക്കൊണ്ടുപോയതായി പറയുന്നത്‌. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം ഉണ്ടായതെന്നാണ് വിവരങ്ങള്‍.

ഇതിനിടെ ലഡാക്കിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണെന്ന് ചൈന ആരോപിച്ചു. മോസ്‌കോയില്‍ ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു പ്രസ്താവന ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്. അതിര്‍ത്തിയിലെ അതിക്രമങ്ങള്‍ ചൈന അവസാനിപ്പിക്കണമെന്ന് രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ചൈന പിന്മാറാതെ ചര്‍ച്ചകള്‍ ഫലപ്രദമാകില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. 

ലഡാക്കിന് പുറമെ അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലകളില്‍ ചൈന പ്രകോപനം സൃഷ്ടിച്ചക്കാമെന്ന്  സൈന്യം വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചൈനയുമായുള്ള നിയന്ത്രണരേഖയിലുടനീളം ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനിടെയാണ് അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

Content Highlights: Chinese Army Abducted 5 Indians From Arunachal Pradesh