ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ നേപ്പാളില്‍ നിന്നുള്ള യുവാക്കള്‍ എന്തുകൊണ്ടാണ് തയ്യാറാകുന്നതെന്ന് പഠിക്കാന്‍ ചൈന. ഇതിനായി ഒരു കമ്മീഷനെ ചൈന നിയോഗിച്ചു. നേപ്പാളില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ചൈന ഇത്തരമൊരു പഠനത്തിന് തയ്യാറെടുക്കുന്നതെന്നാണ് വിവരം.

ഇന്ത്യാ- ചൈന സൈനികര്‍ തമ്മില്‍ ലഡാക്കില്‍ സംഘര്‍ഷത്തിലേര്‍പ്പെടുകയും കാലാപാനി ഏരിയ വിഷയത്തില്‍ ഇന്ത്യാ- നേപ്പാള്‍ ബന്ധം മോശമാവുകയും ചെയ്ത സാഹചര്യത്തിനിടെ കഴിഞ്ഞ ജൂണിലാണ് ചൈന ഇത്തരമൊരു പഠനം നടത്താനുള്ള നടപടി തുടങ്ങിയത്.

നേപ്പാളിലെ ചൈനാ സ്റ്റഡി സെന്ററാണ് ഈയൊരു പഠനം നടത്തുക. എന്തുകൊണ്ടാണ് നേപ്പാളില്‍ നിന്നുള്ള യുവാക്കള്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നതെന്നതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുകയാണ് പഠനത്തിന്റെ ലക്ഷ്യം. ഏത് മേഖലയില്‍ നിന്നാണ് ഇന്ത്യന്‍ സൈന്യത്തിലേക്ക് നേപ്പാള്‍ യുവാക്കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത്, സാമ്പത്തിക- സാമൂഹ്യ വിഷയങ്ങള്‍ തുടങ്ങിയവയും പഠനവിധേയമാണ്.

നിലവില്‍ 28,000 നേപ്പാള്‍ യുവാക്കളാണ് കരസേനയില്‍ പ്രവര്‍ത്തിക്കുന്നത്. എഴ് ഗൂര്‍ഖാ റെജിമെന്റുകളിലായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ റെജിമെന്റുകളിലെ 39 ബറ്റാലിയനുകളാണ് ഉള്ളത്. ഇവയില്‍ പകുതിയോളം സൈനികരും നേപ്പാളില്‍ നിന്നുള്ളവരാണ്. 

എല്ലാവര്‍ഷവും 2,000 പേരെങ്കിലും നേപ്പാളില്‍ നിന്ന് കരസേനയില്‍ അംഗമാകുന്നുണ്ടെന്നാണ് കണക്കുകള്‍. തുടക്കത്തില്‍ 11 ഗൂര്‍ഖ റെജിമെന്റുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ സ്വാതന്ത്രാനന്തരം നാല് റെജിമെന്റുകള്‍ ബ്രിട്ടീഷ് ആര്‍മിയുടെ ഭാഗമായി മാറി. 

പോരാട്ടവീര്യമേറിയവരെന്നാണ് ഗൂര്‍ഖ വിഭാഗത്തിലുള്ളവരെ കണക്കാക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഗൂര്‍ഖ റെജിമെന്റുകളില്‍ നേപ്പാളില്‍ നിന്നുള്ളവര്‍ ചേരുന്നത് സംബന്ധിച്ചുള്ള ചൈനയുടെ പഠനം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണെന്നാണ് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ ഗൂര്‍ഖ റെജിമെന്റുകളുടെ ഭാഗമായി പ്രവര്‍ത്തിച്ച് വിരമിച്ചവരായി 1,30,000 മുന്‍ സൈനികര്‍ നേപ്പാളിലുണ്ട്.

Content Highlights: China wants to know why Nepal's young men are joining Indian Army